പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും മൊബൈലിൽ സൂക്ഷിച്ചു : പ്രതിക്ക് 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
തങ്കമണി: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും മൊബൈലിൽ സൂക്ഷിച്ചു വച്ചു കണ്ട പ്രതിക്ക് 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നത് തടയാനുള്ള ഓപ്പറേഷൻ പി ഹണ്ട് പ്രകാരം അറസ്റ്റ് ചെയ്ത തങ്കമണി അമ്പലമെട് സ്വദേശിയായ അരുണിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 2023 ലാണ് കേസെടുത്തത്. പിഴ ഒടുക്കിയില്ല എങ്കിൽ അധിക ശിക്ഷ പ്രതി അനുഭവിക്കണം.
പോക്സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ ഓപ്പറേഷൻ പി- ഹണ്ട് എന്ന പരിശോധനയിൽ 395 കേസുകൾ രജിസ്റ്റർ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2347 പരിശോധനകളിലായി 881 ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഓപ്പറേഷൻ പി ഹണ്ടിൽ പിടിച്ചെടുത്തത്.