ഉറങ്ങിക്കിടന്ന അമ്മായിയമ്മയെ തലയ്‌ക്കടിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം കഠിനതടവ്
കൊല്ലം: ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പുത്തൂർ പൊങ്ങൻപാറയിൽ രമണിയമ്മയെ (69) കൊലപ്പെടുത്തിയ കേസിലാണ് മരുമകളായ ഗിരിതകുമാരിയെ (45) ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന രമണിയമ്മയെ മുഖത്തും തലയിലും വലിയ പാറക്കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. രമണിയമ്മയുടെ ഇളയമകനായ വിമൽ കുമാറിന്റെ ഭാര്യയാണ് പ്രതി ഗിരിതകുമാരി. 2019 ഡിസംബർ 11-നായിരുന്നു കേസിനാസ്പദമായ സംഭവം.
അടുത്ത ബന്ധുക്കൾ സാക്ഷിയായ കേസിൽ പ്രതിയുടെ ഭർത്താവ് വിമൽ കുമാർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. നിർണ്ണായകമായ സാഹചര്യത്തെളിവുകളും, നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചായിരുന്നു പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂർ പൊലീസ് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി. മുണ്ടയ്‌ക്കൽ ഹാജരായി.