ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : പ്രതി പിടിയിൽ


തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയിൽ. തൃശൂർ കുന്നംകുളത്തുവച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ ഒളിവിലാണ്.
ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്നു പെൺകുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാർ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഭയന്ന പെൺകുട്ടി കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി. ഹോട്ടലുടമയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവും പരാതിക്കാരി പൊലീസിന് കൈമാറി.
പുലർച്ചെ നാലോടെ മുക്കം സ്റ്റേഷനിൽ എത്തിച്ച ദേവദാസിനെ ചോദ്യം ചെയ്യുകയാണ്. തുടർന്ന് താമരശേരി കോടതിയിൽ ഹാജരാക്കും. കൂട്ടുപ്രതികളായ രണ്ട് ഹോട്ടൽ ജീവനക്കാരും ഉടൻ പിടിയിലാകുമെന്നാണ് സൂചന.
അതിനിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ തന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടു പോയതായി പെൺകുട്ടി പറഞ്ഞു. എഴുന്നേൽക്കാൻ പോലും പറ്റാത്ത വിധത്തിലുള്ളപ്പോൾ പ്രതികൾ വീടിനകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. എന്നാൽ ഉച്ചത്തിൽ നിലവിളിച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെടാൻ സാധിച്ചത്. മുകളിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടി കാൽവഴുതി താഴെ വീഴുകയായിരുന്നുവെന്ന് പ്രതികൾ അയൽവാസികളോട് പറയുകയായിരുന്നു.

ദേവദാസിനെ വിശദമായി ചോദ്യം ചെയ്യും. ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ കാര്യമായി വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാൽ പ്രതികൾക്കെതിരെ കൃത്യമായി ഡിജിറ്റൽ തെളിവുകളുണ്ട്. അതുകൂടി വച്ചായിരിക്കും തുടർന്നുള്ള ചോദ്യം ചെയ്യൽ.
ഇതിനുശേഷമായിരിക്കും അറസ്റ്റ് ചെയ്യലും കോടതിയിൽ ഹാജരാക്കലുമുണ്ടാകുക. മറ്റ് പ്രതികൾക്കായി ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇത് അന്തിമ ഘട്ടത്തിലാണ്. പ്രതികൾ എവിടെയാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.