അന്തർസംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കട്ടപ്പന: അസം സ്വദേശിനിയായ തൊഴിലാളിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വള്ളക്കടവ് കരിമ്പാനിപ്പടി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനാണ് അറസ്റ്റിലായത്. പുളിയന്മലയിൽ ജോലി ചെയ്യുകയായിരുന്ന 42കാരിയായ അസം സ്വദേശിനിക്കും ഭർത്താവിനും മറ്റൊരു ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് രാജേഷ് ഇവരെ സമീപിച്ചത്.
തുടർന്ന് ഭർത്താവിന് എറണാകുളത്ത് ജോലി തരപ്പെടുത്തി നൽകി. രണ്ടുദിവസം കഴിഞ്ഞ് തൃശൂരിലെത്തിക്കാമെന്ന് പറഞ്ഞ് അസം സ്വദേശിനിയെ കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിലെ മുറിയിൽനിന്ന് രക്ഷപ്പെട്ട യുവതി കട്ടപ്പന പൊലീസിൽ പരാതി നൽകി.
കട്ടപ്പന എസ്.എച്ച്.ഒ ടി.സി. മുരുകൻ, എസ്.ഐ എബി ജോർജ്, സി.പി.ഒമാരായ കെ.എം. ബിജു, കെ.എസ്. സോഫിയ, എസ്.സി.പി.ഒമാരായ വി.എം. ശ്രീജിത്, അൽബാഷ് പി. രാജു തുടങ്ങിയവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.