കോട്ടയത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന രണ്ട് പേർ അറസ്റ്റിൽ
Dec 31, 2024, 20:19 IST
കോട്ടയം: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
പാലാ പുലിയന്നൂര്‍ മുത്തോലി വലിയമറ്റം വീട്ടില്‍ വി.എസ് അനിയന്‍ ചെട്ടിയാര്‍, പുലിയന്നൂര്‍ കഴുകംകുളം വലിയ പറമ്പില്‍ വീട്ടില്‍ ജയന്‍ വി.ആര്‍ എന്നിവരാണ് പിടിയിലായത്.
എക്‌സൈസ് സംഘം മുത്തോലി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തത്. നാല് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജയന്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയാണ്. കൂടാതെ ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.