പത്താം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം : പ്രതി പിടിയിൽ

rape
rape

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസെടുത്ത കേസിൽ പ്രതി പിടിയിൽ. കഴിഞ്ഞ 24ന് രാവിലെ വിദ്യാര്‍ത്ഥിനി സ്കൂളിൽ പോകുന്നതിനിടെയാണ് സംഭവം.തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈൻ (34) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

പെണ്‍കുട്ടിയും സഹോദരനും സ്കൂളിലേക്ക് പോകുന്നതിനിടെ ബൈക്കിൽ എത്തിയ പ്രതി സ്കൂളിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റുകയായിരുന്നു. തുടര്‍ന്ന് സഹോദരനെ വഴിയിൽ ഇറക്കിയശേഷം കടയിൽ പോയി മിഠായി വാങ്ങി വരാമെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെയും കൊണ്ട് കടയിൽ പോയി മിഠായി വാങ്ങിയതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

29ന് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയപ്പോഴാണ് പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങള്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിലും പന്തളത്തും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് സദ്ദാം ഹുസൈൻ. സംഭവ ദിവസം പ്രതി കുട്ടികളെ കാത്തു നിൽക്കുന്നതിന്‍റെയും പെണ്‍കുട്ടിയെ ബൈക്കിൽ കയറ്റി കടയിൽ കൊണ്ടുപോയി മിഠായി വാങ്ങി തിരികെ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Tags