ആലപ്പുഴയിൽ യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
arrest

ചെങ്ങന്നൂർ: ബുധനൂരിൽനിന്ന് യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ബുധനൂർ എണ്ണയ്ക്കാട് നെടിയത്ത് കിഴക്കേതിൽ വീട്ടിൽ നന്ദുവിനെ (22) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ കായംകുളം പത്തിയൂർ എരുവ ജിജിസ് വില്ലയിൽ തക്കാളി ആഷിഖ് എന്ന ആഷിഖ് (27), മാന്നാർ വലിയകുളങ്ങര ഗംഗോത്രി കണ്ണൻകുഴിയിൽ വീട്ടിൽ രജിത് (22), ചെങ്ങന്നൂർ പാണ്ഡവൻപാറ അർച്ചനഭവനിൽ അരുൺ വിക്രമൻ (26), മാവേലിക്കര പല്ലാരിമംഗലം തെക്കേമുറി ചാങ്കൂർ വീട്ടിൽ ഉമേഷ്‌ (26) എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. ഇതിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിലുള്ളയാളുമാണ് ആഷിഖ്.

ശനിയാഴ്ച രാത്രിയാണ് നന്ദുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നന്ദുവിനെ സ്കോർപിയോ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വിവരം ലഭിച്ചത്. അന്വേഷണത്തിൽ പ്രതികളായവരെ ചെങ്ങന്നൂർ പാണ്ഡവൻപാറ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കച്ചവടത്തിൽനിന്ന് പ്രതിഫലമായി കിട്ടിയ പണം വീതം വെക്കുന്നതിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Share this story