ഏഴ് വയസ്സുകാരനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി അയൽവാസി


ലഖ്നോ: ഉത്തർപ്രദേശിൽ ഏഴ് വയസ്സുകാരനെ അയൽവാസി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട അഫ്‌സലിനെ കാണാതായത്. അയൽക്കാരനായ ഷാവേസിനെ (19) അറസ്റ്റ് ചെയ്തതിന് ശേഷം ആദംപൂർ ഗ്രാമത്തിലെ വനത്തോട് ചേർന്നുള്ള കരിമ്പ് തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ പ്രതിക്കൊപ്പമാണ് അഫ്‌സലിനെ അവസാനമായി കണ്ടത്. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷാവേസ് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായാണ് കുടുംബം പരാതി നൽകിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും കണ്ടെടുത്തിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന്‍റെ പ്രേരണയെക്കുറിച്ച് ചോദിച്ചപ്പോൾ, കത്രിക കൊണ്ട് കുത്തിയാണ് താൻ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പറഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
