ഹസാരിബാഗിൽ ബലാത്സംഗശ്രമം ചെറുത്തതിന് തീകൊളുത്തപ്പെട്ട 23 കാരി ചികിത്സയ്ക്കിടെ മരിച്ചു

google news
fire

ഹസാരിബാഗ് : ബലാത്സംഗശ്രമം ചെറുത്തതിന് തീകൊളുത്തപ്പെട്ട 23 കാരി ചികിത്സയ്ക്കിടെ മരിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കവെയാണ് മരണം. ആക്രമണം നടത്തിയവരിൽ മൂന്ന് പേർ ഇരയുടെ ബന്ധുക്കളാണ്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ജനുവരി 7 ന് രാത്രി ഹസാരിബാഗിൽ വച്ചായിരിന്നു ബലാത്സംഗശ്രമം. ഇത് ചെറുത്ത 23 കാരിയെ 4 പേർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതി റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെ യുവതി മരിച്ചതായി ഹസാരിബാഗ് പൊലീസ് സൂപ്രണ്ട് മനോജ് രത്തൻ ചോത്തെ സ്ഥിരീകരിച്ചു.

കേസ് വിശദമായി അന്വേഷിക്കാൻ ഹസാരിബാഗ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്പി പറഞ്ഞു. യുവതിയും ഭർത്താവും നൽകിയ മൊഴികളിൽ വ്യത്യാസമുണ്ടെന്നും ഇയാളുടെ പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സഹായത്തിനായി നിലവിളിച്ചതിനെ തുടർന്ന് അയൽവാസികൾ രക്ഷപ്പെടുത്തിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ താനാണ് രക്ഷപ്പെടുത്തിയത് ഇരയുടെ ഭർത്താവ് അവകാശപ്പെട്ടു. ഭർത്താവ് നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ടത് ഇയാളുടെ നാലാമത്തെ ഭാര്യയാണെന്നും മനോജ് രത്തൻ പറഞ്ഞു. യുവതിയുടെ പരാതിയിലും പൊലീസ് സംശയം ഉന്നയിച്ചിരുന്നു.

Tags