പോസ്റ്റര്‍ പതിച്ചതിനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് അക്രമം : ആറു പ്രതികള്‍ക്ക് തടവ്

Imprisonment

തൃശൂര്‍: പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അക്രമം നടത്തിയ കേസില്‍ ആറു പ്രതികള്‍ക്ക് മൂന്നുവര്‍ഷവും മൂന്നുമാസവും തടവ്. 2000 രൂപ പിഴയും വിധിച്ചു. 2014 ലെ  ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം. ഒന്നും രണ്ടും പ്രതികളായ ചേര്‍പ്പ് മുത്തുള്ളിയാല്‍ മരുത്തടത്തില്‍ സുവീഷ്‌കുമാര്‍ (32), മരുത്തടത്തില്‍ ഷാന്‍ (27)  എന്നിവരെ മൂന്നു വര്‍ഷവും മൂന്നുമാസവും  തടവിനും 2000 രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. മൂന്നു മുതല്‍ ആറു വരെ പ്രതികളായ വെളുത്തേടത്ത് അജീഷ് (35), ചൂരക്കുളം നിഷാദ് (34), അമ്പുവളപ്പില്‍ സുജിത്ത് (38) എന്നിവരെ രണ്ടു വര്‍ഷവും ഒമ്പതു മാസവും തടവിനും 2000 രൂപ വീതം പിഴയടയ്ക്കുന്നതിനും തൃശൂര്‍ രണ്ടാം അഡീഷണല്‍  അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് വി.ജി. ബിജുവാണ് ശിക്ഷിച്ചത്.

 പിഴയടയ്ക്കാത്ത പക്ഷം ഒരു മാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ പിഴത്തുക പരുക്കേറ്റ പ്രവീണിനു നല്‍കാനും വിധിയില്‍ നിര്‍ദേശിച്ചു. 2014 മാര്‍ച്ച് 30 ന് രാത്രി  10 ന് ചേര്‍പ്പ് മുത്തുള്ളിയാല്‍ ജങ്ഷനിലാണ് സംഭവം. മുത്തുള്ളിയാല്‍ മരുത്തടത്തില്‍ പ്രവീണ്‍, മരുത്തടത്തില്‍ ബിനു,  കറപ്പംവീട്ടില്‍ ഫൈസല്‍, വലിയകത്ത്  നിഷാദ് എന്നിവരെ ഇരുമ്പ് പൈപ്പും, വാളും  ഉപയോഗിച്ച് അക്രമിച്ചെന്നാണ് പരാതി. പ്രവീണിന് ഗുരുതരമായ പരുക്കേറ്റു.  

പ്രോസിക്യുഷന്‍ ഭാഗത്തുനിന്നും 10 രേഖകള്‍ ഹാജരാക്കി. മൂന്നു തൊണ്ടി മുതലുകളും ഹാജരാക്കി.  11 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. വിവേകാനന്ദന്‍ ഹാജരായി. 

Share this story