ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ദില്ലിയിലെ സ്വകാര്യ കമ്പനി മലയാളികളില്‍നിന്നുള്‍പ്പെടെ ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Job Fraud Visa Fraud Cheating

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ദില്ലിയിലെ സ്വകാര്യ കമ്പനി മലയാളികളില്‍നിന്നുള്‍പ്പെടെ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ദില്ലി മഹിപാല്‍പൂരിലെ ന്യൂവിഷന്‍ എന്റര്‍പ്രൈസിന് മുന്നില്‍ ആഴ്ചകളായി കാത്തിരിക്കുകയാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജോലി തേടി എത്തിയവര്‍. പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമില്ലെന്നും ഇവര്‍ പറയുന്നത്.

കൊവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടമായിതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയവരാണ് ഓണ്‍ലൈനിലൂടെ മഹിപാല്‍പൂരിലെ ന്യൂ വിഷന്‍ എന്റര്‍പ്രൈസസ് കമ്പനിയുമായി ബന്ധപ്പെട്ടത്. ദുബായിലെ കമ്പനിയില്‍ നിരവധി ജോലികള്‍ ഒഴിവുണ്ടെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചു, വിസയ്ക്കും വിമാന ടിക്കറ്റിനുമായി ഓരോരുത്തരില്‍ നിന്നും അറുപതിനായിരത്തോളം രൂപയും പാസ്‌പോര്‍ട്ടും വാങ്ങി. വിസ പിന്നീട് നല്‍കി. ഈ മാസം ആദ്യം വിമാന ടിക്കറ്റ് നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കമ്പനി അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.

ദില്ലി പൊലീസിലും നോര്‍ക്കയിലും വിവിധ നേതാക്കള്‍ക്കും ഇതിനോടകം പരാതി നല്‍കി. പൊലീസ് ഒരു തവണ ഓഫീസില്‍ വന്നുപോയതല്ലാതെ ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. വൈകാതെ കേസെടുക്കുമെന്ന് വസന്ത് കുഞ്ച് പൊലീസ് അറിയിച്ചു.അതേസമയം ന്യൂ വിഷന്‍ എന്റര്‍പ്രൈസസ് കമ്പനി അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.

നേരത്തെ വിദേശത്ത് ചോക്കളേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതിന് മലയാളി വീട്ടമ്മ അറസ്റ്റിലായിരുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പൂമീന്‍ പൊഴിക്ക് സമീപം ശരവണ ഭവനില്‍ ശശികുമാറിന്റെ ഭാര്യ രാജി മോളെയാണ് അറസ്റ്റ് ചെയ്തത്. അമ്പതിനായിരം മുതല്‍   65,000 രൂപാവീതം 100 ഓളം പേരില്‍ നിന്നുമാണ് വിസ നല്‍കാമെന്നു പറഞ്ഞ് ഇവര്‍  പണം വാങ്ങിയത്. ഇതില്‍ ചിലരെ വിദേശത്ത് കൊണ്ടു പോയെങ്കിലും ജോലി ലഭ്യമാക്കിയിരുന്നില്ല. ഇവര്‍ക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങളും ലഭിച്ചിരുന്നില്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു.
 

Share this story