കാസർകോട് ജില്ലയിൽ മയക്കുമരുന്ന് കടത്ത് കൂടുന്നു ; കേസും കുതിക്കുന്നു

google news
Drug

കാസർകോട് : ജില്ലയിൽ മയക്കുമരുന്ന് കടത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഇവരെ കൈയോടെ പിടികൂടുന്നതിന്റെ കണക്കുകളിലും വൻ വർധന. ജില്ലയിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നവര്‍ക്കെതിരെയും ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഈ വര്‍ഷം 284 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം 76 കേസുകൾ രജിസ്റ്റർ ചെയ്തിടത്താണ് ഈ വർധന. അതായത് എണ്ണത്തിൽ നാലിരട്ടിയോളം വർധന. ഈവർഷം അവസാനിക്കാൻ ഇനിയും മാസങ്ങൾ ശേഷിക്കെയാണ് മയക്കുമരുന്ന് കടത്തു സംഘത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ.

ജില്ലയിൽ ക്വട്ടേഷന്‍-കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്. രാത്രി പരിശോധനയും വാഹന പരിശോധനയും കര്‍ശനമാക്കി. ഈ വര്‍ഷം ഇതുവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 64 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം 107 പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് മുമ്പാകെ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു. മണല്‍ മാഫിയക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിച്ചു.

ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിനും സംഘടിത ആക്രമണങ്ങള്‍ തടയുന്നതിനും ജില്ലയില്‍ നിലവിലുള്ള ആന്റി- ഓര്‍ഗനൈസ്ഡ് ക്രൈം സെല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരും.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 18 പ്രതികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് ആക്ട് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം നടപടിയെടുത്തതായും പൊലീസ് അറിയിച്ചു.

Tags