സംരംഭകത്വ ശാക്തീകരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ


കൊച്ചി: സംരംഭകരെ ബാങ്കിങ് പിന്തുണ നൽകി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് ഇന്ത്യൻ ബാങ്ക് ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ അവതരിപ്പിച്ചു. സംരംഭം തുടങ്ങി മൂന്ന് വർഷത്തിനുള്ളിൽ ഈ അക്കൗണ്ടുകൾ തുടങ്ങാം. സംരംഭങ്ങൾക്ക് മികച്ച അടിത്തറ രൂപപ്പെടുത്തുന്നതിന് ആവിശ്യമായ ബാങ്കിങ് സേവനങ്ങൾ നൽകുകയാണ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ വഴി ചെയ്യുന്നത്. പ്രൈവറ്റ്- പബ്ലിക് ലിമിറ്റഡ് കമ്പനികൾ, ഏകാംഗ കമ്പനികൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപുകൾ എന്നിങ്ങനെയുള്ള കമ്പനികൾ നേരിടുന്ന ബാങ്കിങ് ആവിശ്യങ്ങൾക്ക് കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ വഴി പരിഹാരം കാണാം. സംരംഭകർക്ക് തീർത്തും ഉപകാരപ്രദമാകുന്ന വിധത്തിലാണ് അക്കൗണ്ടുകൾ രൂപപ്പെടുത്തിയിട്ടുള്ളത്. ഇത്തരം അക്കൗണ്ടുകൾക്ക് മൂന്ന് വർഷംവരെ മിനിമം ബാലൻസിന്റെ ആവിശ്യമില്ല. ഓൺലൈൻ ഇടപാടുകൾ പരിധിയില്ലാതെ നടത്താം. എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉൾപ്പടെയുള്ള പ്രീമിയം ഡെബിറ്റ് കാർഡും ലഭിക്കും. കൊച്ചി എസ് ഐ ബി ടവറിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രിയും ഇൻഫോപാർക്ക് കേരള സിഇഒ സുശാന്ത് കുരുന്തിലും ചേർന്ന് അക്കൗണ്ട് അവതരിപ്പിച്ചു.
സംരംഭം തുടങ്ങാനും വിപുലപ്പെടുത്താനും ആളുകളെ ശാക്തീകരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു. 'ഒരു ബാങ്കെന്ന നിലയിൽ, സംരംഭകർ നേരിടുന്ന ബാങ്കിങ് ആവിശ്യങ്ങളും വെല്ലുവിളികളും എന്തൊക്കെയാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബിസിനസ്, കോർപറേറ്റ് സ്റ്റാർട്ടപ്പ് കറണ്ട് അക്കൗണ്ടുകൾ അവതരിപ്പിക്കുന്നത്. മൂന്ന് വർഷംവരെ മിനിമം ബാലൻസ് ഒഴിവാക്കിയും പരിധിയില്ലാത്ത ഡിജിറ്റൽ ഇടപാടുകൾ അനുവദിച്ചും സ്റ്റാർട്ടപ്പുകളെ വളർച്ചയിലേക്ക് നയിക്കുന്ന, തടസമില്ലാത്ത ബാങ്കിങ് സേവനം നൽകുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയ്യുന്നത്'.
അദ്ദേഹം കൂട്ടിച്ചേർത്തു. നൂതനമായ ബാങ്കിങ് പരിഹാരങ്ങൾ നൽകുന്നതിലൂടെ രാജ്യത്തെ സംരംഭകത്വ ശാക്തീകരണ പ്രക്രിയയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നിർണായക പങ്ക് വഹിക്കുകയാണ് ചെയ്യുന്നതെന്ന് ഇൻഫോപാർക്ക് കേരള സിഇഒ സുശാന്ത് കുരുന്തിൽ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് ആവിശ്യമായ സാമ്പത്തിക സാക്ഷരതയെക്കുറിച്ചും നൂതന ബാങ്കിങ് സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കേരള സ്റ്റാർട്ടപ്പ് മിഷന്റെ അക്കാദമിക് ഓൺട്രപ്രണർഷിപ് വിഭാഗം തലവൻ ബെർജിൻ എസ് റസൽ കൊച്ചിയിലെ പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർഥികളുമായി സംവദിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആന്റോ ജോർജ് ടി, ചീഫ് ജനറൽ മാനേജർ സഞ്ചയ് കുമാർ സിൻഹ, ചീഫ് ഇൻഫർമേഷൻ ഓഫീസർ സോണി എബ ്രാഞ്ച് ബാങ്കിങ് ഹെഡും സീനിയർ ജനറൽ മാനേജറുമായ ബിജി എസ് എസ് തുടങ്ങിയവർ പങ്കെടുത്തു.