സമ്പൂർണ വാരഫലം (മേയ് 22 - 28)


സമ്പൂർണ വാരഫലം (മേയ് 22 - 28)
ഈയാഴ്ച, അതായത്, 2022 മേയ് 22 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ സൂര്യൻ ഇടവം രാശിയിൽ നിൽക്കുന്നു. ചന്ദ്രൻ മകരം, കുംഭം, മീനം, മേടം രാശികളിൽ സഞ്ചരിക്കുന്നു. ചൊവ്വ മീനത്തിലേക്കു കടന്നിരിക്കുകയാണ്. ബുധൻ ഇടവത്തിൽ നിൽക്കുന്നു.
വ്യാഴം മീനം രാശിയിൽ തുടരുന്നു. ശുക്രൻ മേയ് 23ന് മീനത്തിൽ നിന്ന് മേടത്തിലേക്കു കടക്കുകയാണ്. ശനി കുംഭത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും തുടരുന്നു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ മേടക്കൂറ് മുതൽ മീനക്കൂറ് വരെ ഓരോ കൂറുകാരുടെയും ഈയാഴ്ചത്തെ ഫലങ്ങളാണ് ഇനി പറയുന്നത്.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)
ഈയാഴ്ച മേടക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ ഗുണദോഷമിശ്രമായിട്ടാണു ഫലങ്ങൾ അനുഭവപ്പെടുക. വ്യാഴത്തിനു പിന്നാലെ ചൊവ്വ കൂടി പ്രതികൂലഭാവത്തിലേക്കു മാറിയതിനാൽ ചെലവു കൂടാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. രോഗാരിഷ്ടങ്ങൾക്കു സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. വിദ്യാർഥികൾക്ക് പഠനേതര പ്രവർത്തനങ്ങളിലും നേട്ടമുണ്ടാക്കാൻ കഴിയുന്ന ആഴ്ചയാണിത്.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറുകാർക്ക് കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ ദോഷം ചെയ്യില്ല. വ്യാഴം സർവാഭീഷ്ടസ്ഥാനത്ത് ഉള്ളതിനാൽ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ദേവാലയ സന്ദർശനം സാധ്യമാകും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിരംഗത്തും പുരോഗതി കാണപ്പെടും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം. ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. വിദ്യാർഥികൾക്ക് പഠനേതര കാര്യങ്ങളിലും കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന ദിവസങ്ങളാണിത്.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കർക്കടകക്കൂറുകാർക്ക് കണ്ടകശനി തീർന്നതോടെ ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. കാര്യങ്ങൾ ചെയ്തു തീർക്കുന്നതിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെല്ലാം മാറിക്കിട്ടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ മുഴുവൻ മറികടക്കാൻ കഴിയും. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറുകാർക്കു കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും വലിയ ദോഷകാലമൊന്നും അല്ല. എന്നാൽ വ്യാഴവും ചൊവ്വയും അനിഷ്ടഭാവത്തിലായതിനാൽ രോഗാരിഷ്ടങ്ങൾ വരാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കിട്ടാനുള്ള പണം കുറച്ചു തിരിച്ചു കിട്ടും. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനത്തിൽ വർധന അനുഭവപ്പെടും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറുകാർക്ക് വ്യാഴം 6-ൽ നിന്നു മാറിയതോടെ ഇടപെടുന്ന കാര്യങ്ങളിലെ തടസ്സങ്ങൾ മാറിക്കിട്ടി എന്ന ആശ്വാസമുണ്ട്. ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച തുലാക്കൂറുകാർക്ക് വ്യാഴം പ്രതികൂല ഭാവത്തിൽ ആണെങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്.ഏറ്റെടുത്ത കാര്യങ്ങൾ വലിയ പ്രതിസന്ധികളൊന്നും ഇല്ലാതെ പൂർത്തിയാക്കാൻ കഴിയും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറുകാർക്ക് കണ്ടകശനി തുടരുന്നതിനാൽ എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസമില്ലാതെ മുന്നോട്ടു പോകാൻ പ്രത്യേക ശ്രദ്ധ വേണം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറുകാർക്ക് ഈയാഴ്ച അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. വിദ്യാർഥികൾക്ക് പഠനേതരപ്രവർത്തനങ്ങളിൽ ശോഭിക്കാൻ അവസരം ലഭിക്കും. കടബാധ്യതകളിൽ കുറച്ചൊക്കെ അടച്ചു തീർക്കാൻ കഴിയും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറുകാർക്ക് കണ്ടകശനി ദോഷകാലം തീർന്നെങ്കിലും വ്യാഴം അനിഷ്ടഭാവത്തിൽ ആയതിനാൽ ജാഗ്രത വേണം. ചില ദിവസങ്ങളിൽ കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞെന്നു വരില്ല. പ്രാർഥനകളിലൂടെ മനസ്സിനു ബലം ലഭിക്കും. സാമ്പത്തികകാര്യങ്ങളിൽ നേട്ടമുണ്ടാകും. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി കണ്ടുതുടങ്ങും. ചെലവു കൂടും. നിയന്ത്രണം വേണം.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച കുംഭക്കൂറുകാർക്ക് കണ്ടകശനി ആരംഭിച്ചിട്ടുണ്ടെങ്കിലും പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. എല്ലാ കാര്യങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണം. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും. പകുതിക്കു ശേഷം ജോലിരംഗത്തു സ്വസ്ഥത കൈവരും. ആരോഗ്യം നിലനിർത്താൻ സാധിക്കും. ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളിലൊന്നും പെടാതെ മുന്നോട്ടു പോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറുകാർക്ക് കാലം കുറെ അനുകൂലമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ നേരിയ പുരോഗതി കാണപ്പെടും.വിദ്യാർഥികൾക്ക് ഈയാഴ്ച പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.