സെലെന്‍സ്‌കി വീണ്ടും സൗദി അറേബ്യയില്‍

പ്രതിരോധ മേഖലയില്‍, പ്രത്യേകിച്ച് ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ യുക്രെയ്‌നിനുള്ള വൈദഗ്ധ്യം സൗദിയുമായി പങ്കുവെക്കുന്നതിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.

 

ഗള്‍ഫ് രാജ്യങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള യുക്രെയ്‌നിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിവരം.

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി വീണ്ടും സൗദി അറേബ്യയില്‍. ഏതാനും ആഴ്ചകള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ് അദ്ദേഹം സൗദി സന്ദര്‍ശിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ അമേരിക്ക-ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള യുക്രെയ്‌നിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിവരം.


പ്രതിരോധ മേഖലയില്‍, പ്രത്യേകിച്ച് ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ യുക്രെയ്‌നിനുള്ള വൈദഗ്ധ്യം സൗദിയുമായി പങ്കുവെക്കുന്നതിനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യന്‍ ആക്രമണങ്ങളെ നേരിടുന്നതിലൂടെ ആര്‍ജ്ജിച്ച യുക്രെയ്‌നിന്റെ ആധുനിക പ്രതിരോധ സാങ്കേതികവിദ്യ സൗദി അറേബ്യയ്ക്കും പ്രയോജനപ്പെടും. സുരക്ഷാ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനായി സെലെന്‍സ്‌കി ജിദ്ദയിലാണ് ഇറങ്ങിയതെന്ന് യുക്രെയ്ന്‍ വക്താക്കള്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസത്തെ സന്ദര്‍ശന വേളയില്‍ വ്യോമ പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണ്ണായകമായ ഒരു പത്തു വര്‍ഷത്തെ സഹകരണ കരാറിലെത്തിയിരുന്നു. സംയുക്ത ഉല്‍പ്പാദന ലൈനുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വിപുലമായ പദ്ധതികളാണ് ഇതിലുള്ളത്. ഇതിനകം തന്നെ യുക്രെയ്ന്‍ തങ്ങളുടെ സൈനിക വിദഗ്ധരെയും ഡ്രോണ്‍ വേധ മിസൈലുകളെയും മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. യുക്രെയ്‌നിന്റെ ആന്റി-ഡ്രോണ്‍ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.