ബൊളീവിയയിൽ നരബലിയിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 

ബൊളീവിയയിൽ നരബലിയിൽ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 30കാരനായ വിക്ടർ ഹ്യൂഗോ മിക ആൽവരസാണ് മൂത്രമൊഴിക്കാൻ എഴുന്നേറ്റതുകൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു ആചാരത്തിൻ്റെ ഭാഗമായി ഇയാളെ ഭൂമിക്ക് ബലി നൽകാൻ തീരുമാനിച്ചിരുന്നു. ഉറങ്ങിയ ഇയാളെ ശവപ്പെട്ടിയിൽ അടച്ചിരുന്നെങ്കിലും മൂത്രമൊഴിക്കാനായി എഴുന്നേറ്റ വിക്ടർ രക്ഷപ്പെടുകയായിരുന്നു.

ബൊളീവിയയിലെ എൽ ആൽട്ടോ എന്ന സ്ഥലത്താണ് സംഭവം. സംഭവം നടക്കുന്നതിനു തലേ ദിവസം വിക്ടർ കാര്യമായി മദ്യപിച്ചിരുന്നു. അന്ന് മദർ എർത്ത് ഫെസ്റ്റിവലിൻ്റെ ആരംഭദിനവുമായിരുന്നു. അന്ന് തദ്ദേശീയവർ ദേവിയ്ക്ക് കാണിക്കയർപ്പിക്കാറുണ്ട്. ജീവനുള്ള മൃഗങ്ങളും മധുരവുമടക്കം പലതും ദേവിയ്ക്ക് സമർപ്പിക്കാറുണ്ട്. താൻ ദേവിയ്ക്കുള്ള നരബലിയായിരുന്നു എന്നാണ് വിക്ടർ പറയുന്നത്.

“കഴിഞ്ഞ രാത്രി ഞാൻ ഉത്സവത്തിനു പോയി കുടിച്ച് നൃത്തം ചെയ്തു. പിന്നെ എനിക്ക് ഒന്നും ഓർമയില്ല. ഓർമ വന്നപ്പോൾ കിടക്കയിലാണെന്ന് കരുതി മൂത്രമൊഴിക്കാനായി എഴുന്നേറ്റു. പക്ഷേ, എനിക്ക് ചലിക്കാനായില്ല. അപ്പോഴാണ് കിടക്കുന്നത് വേറെവിടെയോ ആണെന്ന് മനസ്സിലായത്. ആഞ്ഞുതള്ളി ശവപ്പെട്ടിയുടെ ഗ്ലാസ് തകർക്കാൻ എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് പുറത്തുകടന്നത്. ഗ്ലാസ് തകർന്നപ്പോൾ ഉള്ളിലേക്ക് ചളി വീണു. താൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും അത് വിശ്വസിക്കാൻ അവർ തയ്യാറായില്ല.”- വിക്ടർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.