യമനിൽ സംഘർഷം രൂക്ഷമാകുന്നു ; സൻആയിൽ എണ്ണ കേന്ദ്രത്തിന് നേരെ വ്യോമാക്രമണം
യമനിൽ സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതൽ വഷളാകുന്നു. തലസ്ഥാനമായ സൻആയിലെ യമൻ പെട്രോളിയം കമ്പനിക്ക് സമീപമുള്ള എണ്ണ കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടന്നതായി
സൻആ : യമനിൽ സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതൽ വഷളാകുന്നു. തലസ്ഥാനമായ സൻആയിലെ യമൻ പെട്രോളിയം കമ്പനിക്ക് സമീപമുള്ള എണ്ണ കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടന്നതായി ഹൂതി അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശംവാസികൾ സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ സഖ്യസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ ആക്രമണം. നഗരത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായാൽ റിയാദിലും ദമ്മാമിലും കടുത്തതും വേദനാജനകവുമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി.
സഖ്യ പിന്തുണയുള്ള സേനയുമായി ഹൂതി പോരാളികൾ നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടിരിക്കയാണെന്ന് ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. നഗരത്തിൽ സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികളും സ്ഥിരീകരിച്ചു. സൻആയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായി ഹൂതി അനുകൂല മാധ്യമമായ അൽമസീറയും റിപ്പോർട്ട് ചെയ്തു.
അതേസമയം, യമന്റെ അന്താരാഷ്ട്ര അംഗീകൃത സർക്കാരിന് വേണ്ടി പോരാടുന്ന സൗദി പിന്തുണയുള്ള സേന, സാദ ഗവർണറേറ്റിലെ റാസിഫ് അതിർത്തി ജില്ലയായ ബാനി മുഈൻ, ബാക്കിൽ എന്നിവിടങ്ങളിൽ കുറഞ്ഞത് രണ്ട് വ്യോമാക്രമണങ്ങൾ കൂടി നടത്തിയതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യമനിലെ തായിസ് പ്രവിശ്യയിലുണ്ടായ ഹൂതി ഷെല്ലാക്രമണത്തിൽ ഒരു അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ കുറഞ്ഞത്ഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായി തായിസ് ഗവർണറേറ്റ് മനുഷ്യാവകാശ ഓഫീസിനെ ഉദ്ധരിച്ച് ഔദ്യോഗിക യമൻ ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.