ഗര്‍ഭകാലത്ത് വര്‍ക്ക് ഫ്രം ഹോം നല്‍കിയില്ല; , നവജാത ശിശു മരിച്ച സംഭവത്തിൽ കോടതി 210. 8 കോടി നഷ്ടപരിഹാരം വിധിച്ചു
ഗര്‍ഭകാലത്ത് വര്‍ക്ക് ഫ്രം ഹോം അനുവാദിക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് 210. 8 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഓഹായ്‍യോ കോടതി വിധി
വാഷിംഗ്ടണ്‍ : ഗര്‍ഭകാലത്ത് വര്‍ക്ക് ഫ്രം ഹോം അനുവാദിക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് 210. 8 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഓഹായ്‍യോ കോടതി വിധി . ഉയര്‍ന്ന അപകടസാധ്യതയുണ്ടായിരുന്ന ഗര്‍ഭസമയത്ത് വര്‍ക്ക് ഫ്രം ഹോം നിഷേധിച്ചതിനാണ് സ്വകാര്യ കമ്പനിക്ക് കോടതിയുടെ പിഴ.
2021 ഫെബ്രുവരിയില്‍ ചെല്‍സി വാല്‍ഷ്, ടോട്ടല്‍ ക്വാളിറ്റി ലോജിസ്റ്റിക്സില്‍ ജീവനക്കാരിയായിരുന്ന സമയത്താണ് സംഭവം നടക്കുന്നത്. ഗര്‍ഭിണിയായ സമയത്ത് മോശം ആരോഗ്യാവസ്ഥയെ തുടര്‍ന്ന് ചെല്‍സി വാല്‍ഷ് കമ്പനിയില്‍ വര്‍ക്ക് ഫ്രം ഹോമിന് അഭ്യര്‍ത്ഥിച്ചു. ചികിത്സ തേടിയ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെട്ടത്. എന്നാല്‍ യുവതിയുടെ അഭ്യര്‍ത്ഥന കമ്പനി നിരസിക്കുകയായിരുന്നു. കമ്പനിയിലെത്തി ജോലിയെടുക്കുകയോ അല്ലെങ്കില്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കുകയോ ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടു.
വര്‍ക്ക് ഫ്രം ഹോം നിരസിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം യുവതി കമ്പനിയില്‍ ജോലിക്കെത്തി. ഫെബ്രുവരി24 ന് ചെല്‍സിക്ക് പ്രസവവേദന അനുഭവപ്പെടുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ജനിച്ച് 1 മണിക്കൂര്‍ 30 മിനിറ്റിന് ശേഷം കുഞ്ഞ് മരിച്ചു. ചെല്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാമില്‍ട്ടണ്‍ കൗണ്ടിയിലെ ജൂറി, കമ്പനിക്ക് 25 മില്യണ്‍ ഡോളറാണ് പിഴയായി വിധിച്ചത്. വീട്ടിലിരുന്ന് ജോലിയെടുക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 18 ആഴ്ചകള്‍ക്ക് മുന്നേയാണ് കുഞ്ഞ് ജനിച്ചത്. കമ്പനി വര്‍ക്ക് ഫ്രം ഹോം നിഷേധിച്ചത് തന്നെയാണ് നവജാത ശിശുവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ജൂറി വിധിയില്‍ ചൂണ്ടിക്കാട്ടി.