വനിതാ ടൂർണമെന്റുകളിൽ പരിശീലക സംഘത്തിൽ ഒരു വനിതയെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണം : വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഫിഫ
വനിതാ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഫിഫ. ഫിഫയുടെ എല്ലാ വനിതാ ടൂർണമെന്റുകളിലും പങ്കെടുക്കുന്ന ടീമുകളുടെ പരിശീലക സംഘത്തിൽ കുറഞ്ഞത് ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്ന് ഫിഫ നിർബന്ധമാക്കി. വ്യാഴാഴ്ച ഫിഫ കൗൺസിൽ യോഗത്തിലെടുത്ത ഈ തീരുമാനം ലോകമെമ്പാടുമുള്ള വനിതാ പരിശീലകർക്ക് വലിയൊരനുഗ്രഹമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എല്ലാ ടീമുകളിലും പ്രധാന പരിശീലകയോ അല്ലെങ്കിൽ സഹപരിശീലകയോ വനിതയായിരിക്കണം. ക്ലബ്ബ്, ദേശീയ തലങ്ങളിലുള്ള മുതിർന്നവരുടെ മത്സരങ്ങൾക്കും യുവജന മത്സരങ്ങൾക്കും ഈ നിയമം ബാധകമാണ്. ഈ വർഷം മൊറോക്കോയിൽ നടക്കുന്ന അണ്ടർ-17 വനിതാ ലോകകപ്പിലും, അണ്ടർ-20 വനിതാ ചാമ്പ്യൻസ് കപ്പിലും ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. 2023 വനിതാ ലോകകപ്പിൽ പങ്കെടുത്ത 32 ടീമുകളിൽ കേവലം 10 ടീമുകൾക്ക് മാത്രമാണ് വനിതാ പ്രധാന പരിശീലകർ ഉണ്ടായിരുന്നത്. 2019ൽ 24 ടീമുകളിൽ 9 പേരും (37.5%), 2015ൽ 24 ടീമുകളിൽ 8 പേരും (33.3%) വനിതകളായിരുന്നു. ഈ കണക്കുകൾ കാണിക്കുന്നത് വനിതാ ഫുട്ബോൾ വളരുമ്പോഴും പരിശീലക രംഗത്ത് വനിതകളുടെ പങ്കാളിത്തം ആനുപാതികമായി വർധിക്കുന്നില്ല എന്നാണ്.
യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ (UEFA) ഇതിനകം നടപ്പിലാക്കിയ മാതൃക ആഗോളതലത്തിൽ വ്യാപിപ്പിക്കാനാണ് ഫിഫയുടെ ശ്രമം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പുരുഷ പരിശീലകരെ നിയമിക്കുന്ന ടീമുകൾക്ക് വനിതാ സഹപരിശീലകർ നിർബന്ധമാണ്. ‘പരിശീലക വേഷത്തിൽ വനിതകളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും അവർക്ക് വ്യക്തമായ അവസരങ്ങൾ ഒരുക്കുന്നതിനും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്’ എന്ന് ഫിഫ ചീഫ് ഫുട്ബോൾ ഓഫീസർ ജിൽ എല്ലിസ് പറഞ്ഞു.