കാനഡയില്‍ കാട്ടുതീ ; യുഎസിലെ നഗരങ്ങളിലേക്കും പുക പടര്‍ന്നു
ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
കാനഡയോട് ചേര്‍ന്നുള്ള വടക്കുകിഴക്കന്‍ യുഎസ് നഗരങ്ങളെയാണ് കാട്ടുതീയുടെ പുക ബാധിച്ചത്.
കാട്ടുതീയില്‍ നീറിപ്പുകഞ്ഞ് കാനഡ, യുഎസ് നഗരങ്ങള്‍. കാനഡയില്‍ വടക്കുപടിഞ്ഞാറന്‍ ഒന്റാരിയോയിലുണ്ടായ കാട്ടുതീയുടെ പുക ടൊറന്റോയുടെ ആകാശം മൂടി, അയല്‍രാജ്യമായ യുഎസിലെ നഗരങ്ങളിലേക്കും പുക പടര്‍ന്നു. കാനഡയോട് ചേര്‍ന്നുള്ള വടക്കുകിഴക്കന്‍ യുഎസ് നഗരങ്ങളെയാണ് കാട്ടുതീയുടെ പുക ബാധിച്ചത്. ഇവിടങ്ങളില്‍ ആരോഗ്യ മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
കാട്ടുതീ മൂലം കാനഡയിലെ ടൊറന്റോയിലെ ബുധനാഴ്ചത്തെ വായു നിലവാരം ഡല്‍ഹിയിലേക്കാള്‍ മോശമായി. ബുധനാഴ്ച 835 ഇടങ്ങളിലാണ് കാട്ടുതീ രൂക്ഷമായത്. ഇതില്‍ 112 എണ്ണം അണയ്ക്കാനാകാത്തവിധം നിയന്ത്രണാതീതമായി. 47 ലക്ഷം ഏക്കര്‍ ഭൂമി തീയില്‍ കരിഞ്ഞു. ഒന്റേറിയോ കൂടാതെ മനെറ്റോബ, സസ്‌കെചവാന്‍ പ്രവിശ്യകളിലാണ് കാട്ടുതീയുള്ളത്.
കാട്ടുതീ മൂലമുള്ള വായുമലിനീകരണം ഏറ്റവും രൂക്ഷമായ യുഎസ് നഗരം ന്യൂയോര്‍ക്ക് സിറ്റിയാണ്. ഞായറാഴ്ച ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കുന്ന ന്യൂജേഴ്‌സിയുടെ അയല്‍നഗരമാണിത്. ഇവിടെ ആകാശമിപ്പോള്‍ പാതി ഇരുണ്ട നിലയിലാണ്.