ബംഗ്ലാദേശിൽ വീണ്ടും വ്യാപക കലാപം; 4 മരണം, മുഹമ്മദ് യൂനുസിന്റെ പൂർവിക വീടിന് തീവെച്ചു
ബംഗ്ലാദേശിൽ വീണ്ടും വ്യാപക അക്രമവും കലാപവും പൊട്ടിപ്പുറപ്പെട്ടു. നിരോധിത അവാമി ലീഗിന്റെ ദേശവ്യാപക ലോക്ഡൗൺ ആഹ്വാനത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. മുൻ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലെ (ചട്ടോഗ്രാം) പൂർവിക വീടിന് അക്രമികൾ തീവെച്ചു. തലസ്ഥാനമായ ധാക്കയിൽ പലയിടത്തും നാടൻ ബോംബ് സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
Nov 19, 2026, 18:00 IST
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും വ്യാപക അക്രമവും കലാപവും പൊട്ടിപ്പുറപ്പെട്ടു. നിരോധിത അവാമി ലീഗിന്റെ ദേശവ്യാപക ലോക്ഡൗൺ ആഹ്വാനത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. മുൻ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലെ (ചട്ടോഗ്രാം) പൂർവിക വീടിന് അക്രമികൾ തീവെച്ചു. തലസ്ഥാനമായ ധാക്കയിൽ പലയിടത്തും നാടൻ ബോംബ് സ്ഫോടനങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
വ്യാഴാഴ്ച പുലർച്ചെയാണ് മുഹമ്മദ് യൂനുസിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ താഴത്തെ നിലയിലെ ഒരു മുറിയിലാണ് തീ പടർന്നത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണച്ചെങ്കിലും വീടിന്റെ ഒരു ഭാഗം പൂർണ്ണമായി കത്തിനശിച്ചു. മുകളിലത്തെ നിലകളിൽ താമസിച്ചിരുന്ന യൂനുസിന്റെ സഹോദരങ്ങൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.
മുഹമ്മദ് യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്കിന്റെ നിരവധി ശാഖകൾക്ക് നേരെയും ആക്രമണമുണ്ടായി. വടക്കുകിഴക്കൻ മേഖലയായ സിൽഹെറ്റ്, വടക്കുപടിഞ്ഞാറൻ മേഖലയായ രാജ്ഷാഹി, തെക്കുപടിഞ്ഞാറൻ മേഖലകളായ ബാരിഷാൽ, ഫരീദ്പൂർ എന്നിവിടങ്ങളിലെ ശാഖകൾക്കാണ് തീവെച്ചത്. നവംബർ 10 മുതൽ ഇതുവരെ 37 ശാഖകൾ ആക്രമിക്കപ്പെട്ടതായും, കഴിഞ്ഞ അർധരാത്രി മുതൽ മാത്രം 14 ശാഖകൾ കൂടി ആക്രമിക്കപ്പെട്ടതായും ഗ്രാമീൺ ബാങ്ക് അധികൃതർ അറിയിച്ചു.