മാനുഷിക സഹായങ്ങള്‍ പോലും തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ എന്ത് സമാധാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത് ; ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് മറുപടിയുമായി ഫ്രഞ്ച് പ്രസിഡന്റ്
നയതന്ത്ര അവകാശവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ഒരു വര്‍ഷം മുമ്പ് പല രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നുവെങ്കിലും അംഗീകാരം കൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് മാക്രോണ്‍ ഓര്‍മ്മിപ്പിച്ചു.
ഗാസയില്‍ സമാധാനം കൊണ്ടുവന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിച്ചടുക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ അവസാന പ്രസംഗത്തില്‍ സംസാരിക്കവെയാണ് മാക്രോണിന്റെ വിമര്‍ശനം. മാനുഷിക സഹായങ്ങള്‍ പോലും തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ എന്ത് സമാധാനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മാക്രോണ്‍ ചോദിച്ചു.
നയതന്ത്ര അവകാശവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു വര്‍ഷം മുമ്പ് പല രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നുവെങ്കിലും അംഗീകാരം കൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് മാക്രോണ്‍ ഓര്‍മ്മിപ്പിച്ചു.
ഒരു വര്‍ഷം മുമ്പ് ഈ വേദിയില്‍ വെച്ച് ഒരു ഡസനോളം രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചിരുന്നു. എന്നാല്‍ അംഗീകാരം വെറുമൊരു കടലാസ് കഷ്ണം മാത്രമാണ്. യാഥാര്‍ത്ഥ്യം കാണൂ എന്ന് പറയുന്ന ചിലരുടെ പരിഹാസം ഞാന്‍ കേള്‍ക്കുന്നുണ്ട്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന് മുന്നില്‍ നിഷ്‌ക്രിയരായി തുടര്‍ന്നാല്‍ നമുക്കെങ്ങനെയാണ് വിശ്വാസ്യതയുമുണ്ടാവുക. സമാധാനം വന്നു എന്ന് ചിലര്‍ വീമ്പിളക്കുന്നുണ്ട്. എന്നാല്‍ ആ സമാധാനം ഒരു നിമിഷത്തേക്ക് പോലും മാനുഷിക സഹായങ്ങള്‍ക്കുള്ള വഴി തുറന്നുകൊടുത്തിട്ടില്ല. ഇത് കണ്ട് വെറുതെ നോക്കിനില്‍ക്കണോയെന്ന് മാക്രോണ്‍ ചോദിച്ചു.
ഗാസയിലെ യുദ്ധം തങ്ങള്‍ അവസാനിപ്പിച്ചുവെന്നും ആയിരക്കണക്കിന് ജീവന്‍ രക്ഷിച്ചുവെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം.