പശ്ചിമേഷ്യൻ സംഘർഷം ; യുഎഇയിൽ സ്‌കൂളുകൾക്ക് രണ്ടാഴ്ച അവധി
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം വസന്തകാല അവധി ഒരാഴ്ച മുൻപ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. യുഎഇയിൽ ഇനി വസന്തകാല അവധി കഴിഞ്ഞ് മാർച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇതനുസരിച്ച് മാർച്ച് 9 തിങ്കളാഴ്ച മുതൽ സ്‌കൂൾ അവധി ആരംഭിക്കും. പൊതു, സ്വകാര്യ സ്‌കൂളുകളിലെയും സർവകലാശാലകളിലെയും എല്ലാ വിദ്യാർഥികൾക്കും അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും രണ്ടാഴ്ചത്തെ അവധി ലഭിക്കും. രാജ്യത്തുടനീളമുള്ള ഒരാഴ്ചത്തെ വിദൂര പഠനത്തിനും അക്കാദമിക് കലണ്ടറിലെ ചെറിയ മാറ്റങ്ങൾക്കും ശേഷമാണ് തീരുമാനം. മാർച്ച് 9 വരെ റിമോട്ട് ക്ലാസുകൾ മാത്രമാണ് ഉണ്ടാവുക. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദിവസങ്ങൾക്ക് മുൻപാണ് റിമോട്ട് ക്ലാസുകളിലേക്ക് മാറിയത്.