പശ്ചിമേഷ്യൻ സംഘർഷവും ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും എണ്ണവില കുത്തനെ ഉയർത്തിയിട്ടും ഇന്ത്യയിലാണ് ഏറ്റവും കുറവ് വർധന രേഖപ്പെടുത്തിയത് ; ബി.ജെ.പി
രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി. പശ്ചിമേഷ്യൻ സംഘർഷവും ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള അസംസ്കൃത എണ്ണവില കുത്തനെ ഉയർത്തിയിട്ടും ഇന്ത്യയിലാണ് ഏറ്റവും കുറവ് വർധന രേഖപ്പെടുത്തിയതെന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യയുടെ ന്യായീകരണം.
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി. പശ്ചിമേഷ്യൻ സംഘർഷവും ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള അസംസ്കൃത എണ്ണവില കുത്തനെ ഉയർത്തിയിട്ടും ഇന്ത്യയിലാണ് ഏറ്റവും കുറവ് വർധന രേഖപ്പെടുത്തിയതെന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ കൺവീനർ അമിത് മാളവ്യയുടെ ന്യായീകരണം.
ഇന്ധന വില വർധന സാധാരണക്കാർക്ക് മേൽ അമിതഭാരം ചുമത്തിയെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള നീക്കമാണിതെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് അമിത് മാളവ്യയുടെ പ്രതികരണം. ലോകത്തിലെ പ്രധാന സമ്പദ്‍വ്യവസ്ഥകളിൽ, ഇന്ധനവിലയിൽ ഏറ്റവും കുറവ് വർധന ഇന്ത്യയിലുണ്ടായപ്പോൾ യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ കുത്തനെയുള്ള വർധനയുണ്ടായതായി അമിത് മാളവ്യ പറഞ്ഞു.
2026 ഫെബ്രുവരി 23നും മേയ് 15നും ഇടയിൽ മിക്കവാറും എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും പെട്രോൾ ഡീസൽ വിലകളിൽ കുത്തനെ വർധനയുണ്ടായി. പല രാജ്യങ്ങളിലെയും ഈ വർധന ഇന്ത്യയെ ഞെട്ടിച്ചു. എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിലും ഏറ്റവും ചെറിയ വർധന ഇന്ത്യ രേഖപ്പെടുത്തിയെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു. കൂടാതെ വിവിധ രാജ്യങ്ങളിലെ ഇന്ധന വില വിവര പട്ടികയും അമിത് മാളവ്യ പങ്കുവെച്ചു.