മുന്‍പത്തേതിനേക്കാള്‍ ആയുധവും സേനയും സജ്ജം, ആക്രമിച്ചാല്‍ തിരിച്ചടിക്കും'; ഇറാന്‍ പ്രസിഡന്റ്
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തുടര്‍ന്നും ആക്രമിക്കാനുള്ള സാധ്യത ഇറാന്‍ മുന്നില്‍ കാണുന്നുണ്ടെന്നത് വ്യക്തമാണ്
ഇസ്രായേലുമായുണ്ടായ യുദ്ധസമയത്തേക്കാള്‍ ശക്തമായ നിലയിലാണ് ആയുധങ്ങളും സേനയും എന്നാണ് ഇറാന്‍ പ്രസിഡന്റ് അവകാശപ്പെടുന്നത്.
ഇറാനെതിരായ അമേരിക്കന്‍ - ഇസ്രായേല്‍ ആക്രമണ സാധ്യതകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇസ്രായേലുമായുണ്ടായ യുദ്ധസമയത്തേക്കാള്‍ ശക്തമായ നിലയിലാണ് ആയുധങ്ങളും സേനയും എന്നാണ് ഇറാന്‍ പ്രസിഡന്റ് അവകാശപ്പെടുന്നത്. ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. രാജ്യത്ത് ലിംഗപരമായതുള്‍പ്പെടെ ഒരു വിവേചനവും ഇല്ലെന്നും, ജനങ്ങളോടുള്ള ഐക്യ ആഹ്വാനത്തോടൊപ്പം പ്രസിഡന്റ് പറഞ്ഞത് ശ്രദ്ധേയമാണ്.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തുടര്‍ന്നും ആക്രമിക്കാനുള്ള സാധ്യത ഇറാന്‍ മുന്നില്‍ കാണുന്നുണ്ടെന്നത് വ്യക്തമാണ്. ഔദ്യോഗിക ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നത് ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് തന്നെയാണ്. ഇസ്രായേലുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധ സമയത്തേക്കാള്‍ ശക്തമായ നിലയിലാണ് ഇറാന്‍ ഇപ്പോഴെന്ന് പ്രസിഡന്റ് പറയുന്നതും വെറുതെയല്ല. ആയുധങ്ങളുടെയും സേനാബലത്തിന്റെയും കാര്യത്തില്‍ മുന്‍പത്തേക്കാള്‍ ശക്തമാണെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിനകത്ത് എന്തെങ്കിലും സംഭവിച്ചു കാണാന്‍ ശത്രുക്കള്‍ കാത്തിരിപ്പുണ്ടെന്നും ഒരുമിച്ച് നില്‍ക്കണമെന്നും അഭിമുഖത്തില്‍ ഇറാന്‍ പ്രസിഡന്റ് പറയുന്നുണ്ട്. രാജ്യത്ത് ലിംഗപരമോ മത-വംശീയ - വിശ്വാസപരമോ ആയ ഒരു വിവേചനവും ഇല്ലെന്നു മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതും ശ്രദ്ധേയമാണ്. ഇസ്രായേലുള്‍പ്പടെ നേരത്തെ ഇത് വിഷയമാക്കി ഉയര്‍ത്തിയിരുന്നു. ഉപരോധങ്ങള്‍ കാരണം നേരിടുന്ന പ്രതിസന്ധികളും ഇറാന്‍ പ്രസിഡന്റ് വിവരിച്ചു. ബാരലിന് 75 ഡോളറിന് വിറ്റിരുന്ന എണ്ണ ഇപ്പോള്‍ 50 ഡോളറിനാണ് വില്‍ക്കുന്നത്. എങ്കിലും പുതുവര്‍ഷത്തില്‍ 2.5 ബില്യണ്‍ ഡോളര്‍ സബ്‌സിഡിയായി നല്‍കുമെന്ന് മസൂദ് പെസഷ്‌കിയാന്‍ പ്രഖ്യാപിച്ചു.