'നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികള്‍ വേണം'; അറസ്റ്റ് വാറന്റിന് പിന്നാലെ പുതിയ ആവശ്യവുമായി തുര്‍ക്കി

നെതന്യാഹുവിനും മുതിര്‍ന്ന സൈനികന്‍ അഫെക് മൊസ്‌കോവിച്ചിനുമെതിരെ അന്താരാഷ്ട്ര റെഡ് നോട്ടീസ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടതായി തുര്‍ക്കി മന്ത്രി അകിന്‍ ഗുര്‍ലെക് എക്‌സില്‍ സ്ഥിരീകരിച്ചു.

 

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നിരവധി തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്.

ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഫ്‌ലോട്ടില്ല തടഞ്ഞ സംഭവത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികള്‍ക്കായി നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായി തുര്‍ക്കി നിയമ മന്ത്രി അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ തുര്‍ക്കി കടുത്ത എതിര്‍പ്പ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നിരവധി തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. 430-ഓളം ജീവകാരുണ്യ പ്രവര്‍ത്തകരുമായി ഗാസ ലക്ഷ്യമാക്കി നീങ്ങിയ ഫ്‌ലോട്ടില്ല മേയ് മാസത്തിലാണ് ഇസ്രയേല്‍ സൈന്യം അന്താരാഷ്ട്ര കടലിടുക്കില്‍ വെച്ച് തടഞ്ഞത്. ഈ നടപടി ആഗോള തലത്തില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഫ്രാന്‍സ്, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സംഭവത്തില്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നെതന്യാഹുവിനും മുതിര്‍ന്ന സൈനികന്‍ അഫെക് മൊസ്‌കോവിച്ചിനുമെതിരെ അന്താരാഷ്ട്ര റെഡ് നോട്ടീസ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടതായി തുര്‍ക്കി മന്ത്രി അകിന്‍ ഗുര്‍ലെക് എക്‌സില്‍ സ്ഥിരീകരിച്ചു. ജൂലൈ 14-ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യ, വ്യക്തിസ്വാതന്ത്ര്യം തടയല്‍, മനഃപൂര്‍വമുള്ള ആക്രമണം, സ്വത്ത് നശിപ്പിക്കല്‍, കവര്‍ച്ച, വാഹനം തട്ടിയെടുക്കല്‍ എന്നീ ഗുരുതരമായ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയും ആശുപത്രിയും അടക്കമുള്ള കെട്ടിടങ്ങള്‍ ടാങ്കുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ മൊസ്‌കോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നതായി കുറ്റപത്രത്തെ ഉദ്ധരിച്ച് ഐ എച്ച് എ എന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു