സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് ഊഷ്മള വരവേല്‍പ്പ്
സെയ്‌ഷെല്‍സില്‍ പ്രധാനമന്ത്രി മോദിക്ക് ഊഷ്മള വരവേല്‍പ്പ്
3 ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാകും മോദി മടങ്ങുക.
രാത്രി റോച്ച് കെയ്മാനിലെ സ്റ്റാര്‍ ലിനൈറ്റില്‍ നടക്കുന്ന ദേശീയദിന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കന്‍ ആഫ്രിക്കന്‍ ദ്വീപസമൂഹമായ സെയ്‌ഷെല്‍സിലെത്തി. സെയ്‌ഷെല്‍സ് ദേശീയ ദിനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായിട്ടാണ് നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. സെയ്‌ഷെല്‍സിലെ ഇന്ത്യന്‍ വംശജര്‍ വിമാനത്താവളത്തില്‍ മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കി. സെയ്‌ഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മെയിനൊപ്പം കാറിലാണ് മോദി ദേശീയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ പോയത്. പ്രസിഡന്റിനൊപ്പം ഇവിടെ മോദി വൃക്ഷത്തൈ നട്ടു. സന്ദര്‍ശനത്തിന്റെ ഭാഗമായി സെയ്‌ഷെല്‍സ് ദേശീയ അസംബ്ലിയിലും മോദി സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് നാലിനാണ് മോദിയുടെ അഭിസംബോധന. സെയ്‌ഷെല്‍സ് പ്രസിഡന്റുമായി സ്റ്റേറ്റ് ഹൗസില്‍ മോദി പ്രത്യേക ചര്‍ച്ചയും നടത്തും. ശേഷം ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും.
രാത്രി റോച്ച് കെയ്മാനിലെ സ്റ്റാര്‍ ലിനൈറ്റില്‍ നടക്കുന്ന ദേശീയദിന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. 3 ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാകും മോദി മടങ്ങുക. അടുത്തയാഴ്ച മോദി ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന അതീവ മനോഹരമായ ഒരു ദ്വീപ് സമൂഹ രാജ്യമാണ് സെയ്‌ഷെല്‍സ്. കന്യാവനങ്ങള്‍, മനോഹരമായ കടല്‍ത്തീരങ്ങള്‍, അപൂര്‍വ ജീവജാലങ്ങള്‍ എന്നിവയാല്‍ ലോകപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ് ഈ രാജ്യം. വിക്ടോറിയയാണ് തലസ്ഥാനം. 1.35 ലക്ഷം മാത്രമാണ് ജനസംഖ്യ. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാന നഗരങ്ങളില്‍ ഒന്നാണിത്. ഏകദേശം 115 ദ്വീപുകള്‍ ചേര്‍ന്നതാണ് ഈ രാജ്യം. ഇവയില്‍ ഭൂരിഭാഗവും മനുഷ്യവാസമില്ലാത്തവയാണ്. രാജ്യത്തെ 90% ജനങ്ങള്‍ താമസിക്കുന്നത് വിക്ടോറിയ ദ്വീപിലാണ്.