ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും, അതിൽ അമേരിക്ക വിജയിക്കും : ട്രംപ്
ഇറാന്റെ ആണവായുധ മോഹങ്ങൾ തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും, ചർച്ചകൾ പരാജയപ്പെട്ടാൽ മറ്റ് മാർഗങ്ങൾ തേടുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നതകൾ രൂക്ഷമാണെന്ന് അവകാശപ്പെട്ട ട്രംപ്, താൽപ്പര്യമുണ്ടെങ്കിൽ ഫോണിലൂടെ ചർച്ച നടത്താൻ ഇറാൻ തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ നിലപാട് കർക്കശമാക്കിയിരിക്കുകയാണ് ഇറാൻ. മേഖലയിലെ പഴയ സാഹചര്യം ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അലി നിക്‌സാദ് പറഞ്ഞു. ഇത് രാജ്യത്തിന്റെ പരമോന്നത ആത്മീയ നേതാവിന്റെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. പാക് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ സൗദി അറേബ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ടെലിഫോണിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്.