പശ്ചിമേഷ്യയിൽ യുദ്ധം ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ എണ്ണ വില വീണ്ടും കുതിച്ചുയരുന്നു. ആഗോള തലത്തിൽ വിലനിർണയ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 114 ഡോളറിലെത്തി.
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ എണ്ണ വില വീണ്ടും കുതിച്ചുയരുന്നു. ആഗോള തലത്തിൽ വിലനിർണയ സൂചികയായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 114 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച 119.5 ഡോളറിലെത്തിയ എണ്ണ വില പിന്നീട് 100 ഡോളറിന് താഴേക്ക് പോയതിെന്റ ആശ്വാസം കെടുത്തുന്നതാണ് ഇപ്പോഴത്തെ കുതിച്ചുചാട്ടം.
ഇറാനും ഖത്തറും അതിര് പങ്കിടുന്ന ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക പാടമായ സൗത്ത് പാർസിൽ ഇസ്രായേൽ നടത്തിയ ആക്രമണവും, തിരിച്ചടിയായി ഖത്തറിലെ റാസ് ലഫാൻ വാതക പ്ലാന്റിലും മറ്റ് ഗൾഫ് രാജ്യങ്ങളിലെ എണ്ണ, പ്രകൃതി വാതക കേന്ദ്രങ്ങളിലും ഇറാൻ നടത്തിയ പ്രത്യാക്രമണവുമാണ് എണ്ണവിലയിൽ വീണ്ടും ആശങ്കയേറ്റിയത്. ഏഴ് ശതമാനത്തോളമാണ് വ്യാഴാഴ്ച എണ്ണ വിലയിലുണ്ടായ വർധന. പ്രകൃതി വാതക വിലയും ഇതോടൊപ്പം കത്തിക്കയറുന്നുണ്ട്. ബ്രിട്ടനിലും യൂറോപ്പിലും പ്രകൃതി വാതക വില കുതിച്ചുയർന്നു. യൂറോപ്പിൽ 25 ശതമാനവും ബ്രിട്ടനിൽ 20 ശതമാനവുമാണ് വില ഉയർന്നത്.
ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചപ്പോൾ എണ്ണ വില 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്ന ആശങ്കയായിരുന്നെങ്കിൽ ഇപ്പോഴത് 150 ഡോളറിനും ചിലപ്പോൾ 200 ഡോളറിനും മുകളിലേക്ക് കുതിക്കുമെന്ന ഭീതിയിലാണ് ലോകം. ആഗോള എണ്ണക്കടത്തിൽ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് പൂർണമായും അടഞ്ഞാൽ ഇതിനുള്ള സാധ്യത വിദൂരമല്ല.
അടിയന്തര ശേഖരത്തിൽനിന്ന് 40 കോടി ബാരൽ എണ്ണ പുറത്തെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഹുർമുസ് വഴിയുള്ള എണ്ണക്ക് പരിഹാരമാകില്ല അത്. എണ്ണ വില കുതിച്ചുയരുന്നത് ലോക രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. സർവ മേഖലകളിലും വിലക്കയറ്റത്തിനും ഇത് ഇടയാക്കും.