ധന അനുമതി ബില്ലിന്മേലുള്ള വോട്ടെടുപ്പും പരാജയപ്പെട്ടു, അമേരിക്കയിലെ വിവിധ മേഖലകള്‍ സ്തംഭനാവസ്ഥയില്‍
 

ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച ഈ ഷട്ട്ഡൗണ്‍ മൂലം അമേരിക്കയിലെ വിവിധ മേഖലകള്‍ സ്തംഭനാവസ്ഥയിലാണ്.
 
തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നല്‍കും

അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ നീളും. ഇന്നലെ സെനറ്റില്‍ നടന്ന ധന അനുമതി ബില്ലിന്‍ മേലുള്ള വോട്ടെടുപ്പും പരാജയപ്പെട്ടു. ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നല്‍കും. ഫെഡറല്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന ഭീഷണി വൈറ്റ് ഹൗസ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച ഈ ഷട്ട്ഡൗണ്‍ മൂലം അമേരിക്കയിലെ വിവിധ മേഖലകള്‍ സ്തംഭനാവസ്ഥയിലാണ്. ദേശീയ സുരക്ഷാ, ആരോഗ്യ പദ്ധതികളടക്കം തടസ്സപ്പെടുന്ന നിലയിലെത്തിയതോടെയാണ് സമവായത്തിനായി തീവ്രശ്രമം നടക്കുന്നത്.

സര്‍ക്കാര്‍ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. ഒക്ടോബര്‍ 1 ന് നടന്ന വോട്ടെടുപ്പില്‍ സെനറ്റില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെയാണ് അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍ ഒക്ടോബര്‍ ഒന്നിന് മുന്‍പ് യു എസ് കോണ്‍ഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കും സെനറ്റില്‍ സമവായത്തില്‍ എത്താനായില്ല. ഇതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.