അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ പടരുന്നു : വ്യാപക നാശനഷ്ടം

അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ പടരുന്നു : വ്യാപക നാശനഷ്ടം
 

വാഷിംഗ്ടണ്‍ : അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ പടരുന്നു. അരിസോനയിലും ന്യൂമെക്‌സിക്കോ എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായിട്ടുണ്ട്.തുടര്‍ച്ചയായി വീശിയടിക്കുന്ന കാറ്റില്‍,കാടുകളിലേക്കും പുല്‍മേടുകളിലേക്കും തീ വ്യാപിക്കുകയാണ്. സ്ഥലത്ത് ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും തീ അണയ്‌ക്കാനുള്ള പരിശ്രമത്തിലാണ്.

നിലവിൽ രണ്ടായിരത്തോളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ 258 ചതുരശ്ര കിലോമീറ്ററോളം കാട്ടുതീ കത്തിയെരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അരിസോനയില്‍ മൂന്നിടങ്ങളിലും ന്യൂമെക്‌സിക്കോയല്‍ ആറിടങ്ങളിലുമാണ് തീ പടരുന്നത്. പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ന്യൂമെക്‌സിക്കോയിലെ നാല് കൗണ്ടികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുതീ കൂടുതല്‍ നാശം വിതച്ച അരിസോനയിലെ ഫ്‌ളാഗ്സ്റ്റാഫ് എന്ന മേഖലയില്‍ മുപ്പതോളം വീടുകളാണ് കത്തി നശിച്ചത്. ഇടയ്‌ക്കിടെ വരുന്ന വരള്‍ച്ചയാണ് കാട്ടുതീയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ ഗവേഷകര്‍ വ്യക്തമാക്കുന്നു.