യുദ്ധത്തിനിടെ ലാഭക്കൊയ്ത്ത് : എണ്ണക്കമ്പനികൾക്ക് പ്രത്യേക നികുതി ചുമത്തണമെന്ന് യു.എൻ

 

യുനൈറ്റഡ് നേഷൻസ് : റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ ഇന്ധനത്തിനും പ്രകൃതിവാതകത്തിനും വിലകൂടിയത് എണ്ണക്കമ്പനികൾ അവസരമാക്കുന്നതിനെതിരെ യു.എൻ സെക്രട്ടറി ജനറൽ. റഷ്യൻ എണ്ണക്ക് യൂറോപ്പ് ഉപരോധമേർപ്പെടുത്തിയതോടെ ലഭ്യത കുറഞ്ഞതാണ് വില കൂട്ടിയത്.

എണ്ണക്കമ്പനികൾക്ക് ഇത് കൊയ്ത്തായി മാറിയിരുന്നു. ഏറ്റവും ഒടുവിലെ പാദവാർഷിക റിപ്പോർട്ടിൽ മുൻനിര എണ്ണക്കമ്പനികളായ എക്സോൺ, ചെവ്റോൺ, ഷെൽ, ടോട്ടൽ എനർജീസ് എന്നിവ മാത്രം 5100 കോടി ഡോളറാണ് ലാഭമുണ്ടാക്കിയത്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരട്ടി.

എണ്ണക്കമ്പനികളുടെ അത്യാർത്തി പാവപ്പെട്ടവരെ ശിക്ഷിക്കുകയാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഈ കമ്പനികൾക്ക് അധിക നികുതി ഈടാക്കണമെന്നും അദ്ദേഹം ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം യു.കെ സർക്കാർ എണ്ണക്കമ്പനികൾക്ക് 25 ശതമാനം 'അധിക ലാഭ നികുതി' ഏർപ്പെടുത്തിയിരുന്നു. പിന്നാലെ ഇറ്റലിയും സമാന നികുതി ചുമത്തി.എണ്ണവില ഉയർന്നുനിൽക്കുന്നത് പാവപ്പെട്ടവരെ മാത്രമല്ല, ഭരണകൂടങ്ങളെയും സമ്മർദത്തിലാക്കുകയാണെന്ന് ഗുട്ടെറസ് കൂട്ടിച്ചേർത്തു.