തായ്‌വാനുമായുള്ള ആയുധ ഇടപാടിനെതിരെ അമേരിക്ക് മുന്നറിയിപ്പു നൽകി ചൈന
ബീജിങ്: തായ്‌വാനുമായുള്ള ആയുധ ഇടപാടിനെതിരെ അമേരിക്ക് മുന്നറിയിപ്പു നൽകി ചൈന. ചൈനയുടെ സൈന്യം പരിശീലനം ശക്തമാക്കുകയും രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് തായ്‌വാനിലേക്കുള്ള 11.1 ബില്യൺ ഡോളറിന്റെ യു.എസ് ആയുധ വിൽപന പാക്കേജിന് മറുപടിയായി പ്രതിരോധ മന്ത്രാലയം പറഞ്ഞു.
തായ്‌വാനിൽ ചൈന സൈനികവും രാഷ്ട്രീയവുമായ സമ്മർദം ശക്തമാക്കുന്നതിനിടെയുള്ള ഇതുവരെ പ്രഖ്യാപിച്ചതിൽ വെച്ച് അമേരിക്കയുടെ ഏറ്റവും വലിയ പാക്കേജാണിത്. ആയുധ വിൽപ്പന ഉടൻ നിർത്തണമെന്നും തായ്‌വാൻ സ്വാതന്ത്ര്യ സേനയെ പിന്തുണക്കില്ലെന്ന പ്രതിബദ്ധത പാലിക്കണമെന്നും അമേരിക്കയോട് മന്ത്രാലയം ആവശ്യപ്പെട്ടു.
‘തായ്‌വാൻ സ്വദേശികളുടെ സുരക്ഷയും ക്ഷേമവും പണയപ്പെടുത്തി വിഘടനവാദ ശക്തികൾ, സാധാരണക്കാരുടെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച പണം ഉപയോഗിച്ച് യു.എസ് ആയുധ വ്യാപാരികളെ കൊഴുപ്പിക്കുന്നു’ എന്ന് മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
‘ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി പരിശീലനവും പോരാട്ടവും ശക്തിപ്പെടുത്തുന്നത് തുടരും. ദേശീയ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കും. തായ്‌വാൻ സ്വാതന്ത്ര്യ വിഘടനവാദത്തിനും ബാഹ്യ ഇടപെടലിനുമുള്ള ശ്രമങ്ങളെ ദൃഢനിശ്ചയത്തോടെ പരാജയപ്പെടുത്തും’ എന്നും പറഞ്ഞു. എന്നാൽ, എന്ത് നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദാംശങ്ങൾ നൽകിയിട്ടില്ല.