ടിക് ടോക് നിരോധിച്ച് യു.എസ് സംസ്ഥാനമായ മൊണ്ടാന

 

വാഷിങ്ടൺ ഡി.സി: യു.എസ് സംസ്ഥാനമായ മൊണ്ടാനയിൽ വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് നിരോധിക്കും. ഉപഭോക്താക്കളുടെ ഫോണുകളിൽ നിന്ന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി വിവരങ്ങൾ ചോർത്തുന്നത് തടയുന്നതിനായാണ് നിരോധനം. യു.എസിൽ ടിക് ടോക് നിരോധിക്കുന്ന ആദ്യ സംസ്ഥാനമാണ് മൊണ്ടാന.

കഴിഞ്ഞ ദിവസമാണ് ഗവർണർ ഗ്രെഗ് ജിയാൻഫോർട് ടിക് ടോക് നിരോധന ഉത്തരവിൽ ഒപ്പുവെച്ചത്. എന്നാൽ, അടുത്ത ജനുവരി ഒന്നുമുതലാണ് നിരോധനം നടപ്പിൽ വരിക. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കും.

ചൈനീസ് ടെക് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമാണ് ടിക് ടോക്. നിരോധനത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. യു.എസിൽ 150 ദശലക്ഷത്തോളം ഉപഭോക്താക്കളാണ് ടിക് ടോക്കിനുള്ളത്. സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം മുൻനിർത്തി ടിക് ടോക് നിരോധിക്കണമെന്ന് രാഷ്ട്രീയ നേതാക്കളും അധികൃതരും ആവശ്യപ്പെട്ടിരുന്നു.

2020 ജൂണിൽ സുരക്ഷാ ആശങ്കകൾ മുൻനിർത്തി ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്.