ഇറാന്റെ 'ഷാഡോ ബാങ്കിംഗ്' ശൃംഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് യുഎസിന്റെ പുതിയ ഉപരോധ ഭീഷണി
ഇറാന്റെ സായുധ സേനയ്ക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സഹായം നല്‍കുന്ന ശൃംഖലകളെയാണ് ലക്ഷ്യമിടുന്നത്.
കോടിക്കണക്കിന് ഡോളര്‍ കൈമാറാന്‍ ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഇറാനെ സാമ്പത്തികമായി ഞെരുക്കി മെരുക്കാനുള്ള ശ്രമത്തില്‍ അമേരിക്ക. ഇറാനെതിരായ ഉപരോധം ലംഘിക്കാന്‍ സഹായിച്ച 35 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന്റെ 'ഷാഡോ ബാങ്കിംഗ്' ശൃംഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസ് ട്രഷറി വകുപ്പിന്റെ നടപടി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉപരോധങ്ങള്‍ മറികടക്കാനുമായി കോടിക്കണക്കിന് ഡോളര്‍ കൈമാറാന്‍ ഈ ശൃംഖല ഇറാനെ സഹായിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇറാന്റെ സായുധ സേനയ്ക്കും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സഹായം നല്‍കുന്ന ശൃംഖലകളെയാണ് ലക്ഷ്യമിടുന്നത്. അനധികൃത എണ്ണ വില്‍പ്പനയിലൂടെ പണം സ്വീകരിക്കുന്നതിനും, മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിനും ഈ ശൃംഖല സഹായിച്ചിരുന്നുവന്ന് യുഎസ് ആരോപിക്കുന്നു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കായി ഇറാന്‍ സര്‍ക്കാരിനോ ഐആര്‍ജിസിക്കോ 'ടോള്‍' നല്‍കുന്ന കമ്പനികള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ സൈന്യത്തിന് ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ ഈ ഷാഡോ ബാങ്കിംഗ് സംവിധാനം വലിയ പങ്കുവഹിക്കുന്നുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കുറ്റപ്പെടുത്തി. ഇത് മധ്യേഷ്യയിലെ സമാധാനം തകര്‍ത്തു.
പട്ടികയിലുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടും. അവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെയും സ്ഥാപനങ്ങളെയും വിലക്കുകയും ചെയ്യും.