ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം: കുട്ടിയടക്കം നാല് മരണം; അമേരിക്കന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് ഇറാന്‍
ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം: കുട്ടിയടക്കം നാല് മരണം; അമേരിക്കന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് ഇറാന്‍
സിറിക്കില്‍ നടന്ന ആക്രമണത്തില്‍ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകര്‍ന്നതായാണ് ഇറാന്‍ റെഡ് ക്രസന്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
ബഹ്‌റൈനിലും കുവൈറ്റിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
പശ്ചിമേഷ്യയില്‍ ഇറാന്‍-യുഎസ് സംഘര്‍ഷം കനക്കുന്നു. ഇറാന്റെ തെക്കന്‍ മേഖല ലക്ഷ്യമിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടി അടക്കം നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ജോര്‍ദ്ദാനിലെയും ഇറാഖിലെയും അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ബഹ്‌റൈനിലും കുവൈറ്റിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ തെക്കന്‍ മേഖലകളില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദര്‍ അബ്ബാസ്, ഖെഷം ദ്വീപ് , കോനാരക്, ചാബഹാര്‍, ജാസ്‌ക്, സിറിക്, ലവാന്‍ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
സിറിക്കില്‍ നടന്ന ആക്രമണത്തില്‍ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകര്‍ന്നതായാണ് ഇറാന്‍ റെഡ് ക്രസന്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഇവിടെ അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണങ്ങളുടെ ഒരു ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. ഹോര്‍മൂസില്‍ കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്താനും വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും കടലില്‍ മൈനുകള്‍ സ്ഥാപിക്കാനും ഇറാന്‍ ശ്രമിച്ചതായും ജോര്‍ദാനിലെ അമേരിക്കന്‍ സൈനികരെ ലക്ഷ്യമിട്ടതായും ആരോപിച്ചാണ് ആക്രമണമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നത്.