ഇറാനെ സഹായിക്കുന്ന ഷാഡോ ബാങ്കിങ് ശൃംഖലയിലെ 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തി യു.എസ്
ഇറാനെതിരെയുള്ള സാമ്പത്തിക യുദ്ധം കടുപ്പിച്ച് അമേരിക്ക. ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന ഷാഡോ ബാങ്കിങ് ശൃംഖലയിലെ 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ
വാഷിങ്ടൺ: ഇറാനെതിരെയുള്ള സാമ്പത്തിക യുദ്ധം കടുപ്പിച്ച് അമേരിക്ക. ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന ഷാഡോ ബാങ്കിങ് ശൃംഖലയിലെ 35 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധങ്ങൾ ഏർപ്പെടുത്തി. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രക്ക് ഇറാൻ സൈന്യത്തിന് നികുതി നൽകുന്നവർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
"ഇറാന്റെ സാമ്പത്തിക ജീവനാഡി തകർക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആഗോള വ്യാപാരം തടസ്സപ്പെടുത്താനും ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകാനും ഇറാനെ ആരും സഹായിക്കരുത്," എന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു.
2025 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ ആയിരത്തിലധികം ഇറാൻ അനുകൂല വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇറാന് സൗകര്യമൊരുക്കുന്ന വിദേശത്തെ ഷെൽ കമ്പനികളെയാണ് ട്രഷറി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ ഈ ശൃംഖല വഴി നടന്നതായി കണ്ടെത്തി.
ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയിലെ സ്വകാര്യ റിഫൈനറികൾക്കെതിരെയും അവരുമായി സഹകരിക്കുന്ന ബാങ്കുകൾക്കെതിരെയും നടപടിയുണ്ടാകും. ചൈനീസ് ബാങ്കുകൾക്കെതിരെ കൂടുതൽ കടുത്ത നടപടി വേണമെന്ന ആവശ്യം അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ തന്നെ ശക്തമാണ്. നിലവിലെ ഉപരോധങ്ങൾ ഇറാന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.