അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ സമാധാന ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു
ഉഭയകക്ഷി സുരക്ഷാ കരാറും ഒപ്പുവെച്ചതായി യുഎസ് ഊര്‍ജ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ചുവടുപിടിച്ചാണ് കരാര്‍.
അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു. യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊര്‍ജ മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാനുമാണ് '123 എഗ്രിമെന്റ്' എന്നറിയപ്പെടുന്ന കരാറില്‍ ഒപ്പുവെച്ചത്. ഇതോടൊപ്പം ഉഭയകക്ഷി സുരക്ഷാ കരാറും ഒപ്പുവെച്ചതായി യുഎസ് ഊര്‍ജ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. കരാര്‍ ഇനി അവലോകനത്തിനായി യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിക്കും.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ചുവടുപിടിച്ചാണ് കരാര്‍. 1954ലെ ആണവോര്‍ജ നിയമത്തിന്റെ സെക്ഷന്‍ 123 പ്രകാരം യുഎസ് സിവില്‍ ആണവ സഹകരണത്തിനായി അന്താരാഷ്ട്ര പങ്കാളികളെ വികസിപ്പിക്കാന്‍ ഉത്തരവ് നിര്‍ദേശിക്കുന്നുണ്ട്. അമേരിക്കന്‍ ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാനും ഉയര്‍ന്ന ശമ്പളമുള്ള യുഎസ് ജോലികള്‍ സൃഷ്ടിക്കാനും അമേരിക്കയുടെ ഊര്‍ജ, ദേശീയ സുരക്ഷാ നില ശക്തിപ്പെടുത്താനും ആഗോള ആണവ നിര്‍വ്യാപന മാനദണ്ഡങ്ങള്‍ ഊട്ടിയുറപ്പിക്കാനും അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാനും കരാര്‍ സഹായിക്കും.
ഇരു കരാറുകളും പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന, കോടിക്കണക്കിന് ഡോളറിന്റെ ഒരു പങ്കാളിത്തത്തിനാണ് നിയമപരമായ അടിത്തറയിടുന്നതെന്ന് യുഎസ് ഊര്‍ജ വകുപ്പ് അറിയിച്ചു. ആണവ നിര്‍വ്യാപനം ഉള്‍പ്പെടെയുള്ള സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങള്‍ നേടാന്‍ ഇത് സഹായിക്കും. പുതിയ കരാര്‍ സൗദിയുടെ ആണവോര്‍ജ പദ്ധതികളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കും. ഇത് അമേരിക്കന്‍ വ്യവസായത്തിനും തൊഴിലാളികള്‍ക്കും ഗുണകരമാകും. അതോടൊപ്പം സൗദിയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്നും യുഎസ് ഊര്‍ജ വകുപ്പ് പ്രസ്താവനയില്‍ വിശദമാക്കി.