ഇറാന് തിരിച്ചടിയുമായി അമേരിക്ക ; മൂന്നു കപ്പലുകള്‍ക്ക് നേരെ ആക്രമണം

യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് നേരേ ഇറാന്റെ സായുധസേനയായ ഐആര്‍ജിസി നേരത്തേ മിസൈലാക്രമണം നടത്തിയിരുന്നു.

 

ഇറാന്റെ ആക്രമണങ്ങളില്‍ യുഎസ് സൈനികര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ ആക്രമിച്ചതായി അമേരിക്ക. ഐആര്‍ജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി ഡൗണി, എം/ടി സ്റ്റാര്‍ക് 1 എന്നിവയ്ക്ക് നേരേയും ചരക്കില്ലാതിരുന്ന മറ്റൊരു കപ്പലിന് നേരേയുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ക്ക് നേരേ ഇറാന്റെ സായുധസേനയായ ഐആര്‍ജിസി നേരത്തേ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് യുഎസ് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ ആക്രമിച്ചത്. ഇറാന്റെ ആക്രമണങ്ങളില്‍ യുഎസ് സൈനികര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.


ഖാര്‍ഗ് ദ്വീപിന് സമീപത്തുവെച്ചാണ് എം/ടി ഡൗണി കപ്പലിന് നേരേ യുഎസിന്റെ ആക്രമണമുണ്ടായത്. ജാസ്‌കിന് സമീപത്തുവെച്ചായിരുന്നു എം/ടി സ്റ്റാര്‍ക് 1 കപ്പല്‍ ആക്രമിച്ചത്. ചരക്കുകളില്ലാതിരുന്ന മൂന്നാമത്തെ കപ്പലിന് നേരേ ഒമാന്‍ ഉള്‍ക്കടലില്‍വെച്ചാണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതിനിടെ, ആക്രമണത്തിന് പിന്നാലെ ഇറാനെതിരേ കൂടുതല്‍ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. സ്വയം പ്രതിരോധിക്കാന്‍ യുഎസ് സൈന്യം മടിക്കില്ലെന്നും വേണമെങ്കില്‍ ഇറാന്റെ എണ്ണക്കപ്പല്‍ വ്യൂഹം മുഴുവന്‍ തകര്‍ക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ഐആര്‍ജിസിയ്ക്കുള്ള സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ രണ്ട് കപ്പലുകള്‍ക്ക് നേരേ വെടിയുതിര്‍ത്താല്‍ നിങ്ങളുടെ മൂന്ന് കപ്പലുകള്‍ തകര്‍ത്ത് അതിനെക്കാള്‍ വലിയ സാമ്പത്തിക പ്രത്യാഘാതം നിങ്ങള്‍ക്കുണ്ടാക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ പറഞ്ഞു.