എണ്ണ കയറ്റുമതിയില്‍ ലാഭം കൊയ്ത് അമേരിക്ക
ആഗോള വിപണിയിലെ കുറവ് നികത്താന്‍ യു.എസ്സിന് വലിയ തോതില്‍ എണ്ണ കയറ്റുമതി ചെയ്യേണ്ടി വരും
അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്.
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. രാജ്യത്തിന് ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാനും ബാക്കി എണ്ണ കയറ്റുമതി ചെയ്യാനും അമേരിക്കയ്ക്ക് ഇത് കരുത്തേകുന്നു. ടെക്‌സാസിലെ പേര്‍മിയന്‍ ബേസിന്‍ മേഖലയിലടക്കം എണ്ണ ഉല്‍പ്പാദനം ഉയര്‍ന്നതാണ് കാരണം.
ഇറാനും അമേരിക്കയും തമ്മിലെ ചര്‍ച്ചകള്‍ സമാധാനത്തിലേക്ക് എത്തിയിട്ടില്ലാത്തതിനാല്‍ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ അമേരിക്ക എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചത് ആഗോള വിപണിക്ക് സഹായവും അമേരിക്കയ്ക്ക് സാമ്പത്തികമായി നേട്ടവുമാണ്. ആഗോള വിപണിയിലെ കുറവ് നികത്താന്‍ യു.എസ്സിന് വലിയ തോതില്‍ എണ്ണ കയറ്റുമതി ചെയ്യേണ്ടി വരും. എണ്ണവിലയിലെ വില വര്‍ധന ലോക രാഷ്ട്രങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. പണപ്പെരുപ്പം വര്‍ദ്ധിക്കുകയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിക്കുകയും ചെയ്ത സാഹചര്യമാണ്.