പശ്ചിമേഷ്യയിലേക്ക് അമേരിക്ക ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
ഭാവിയില്‍ മേഖലയില്‍ ഉണ്ടായേക്കാവുന്ന സൈനിക നീക്കങ്ങള്‍ക്കുള്ള സജ്ജീകരണമായാണ് സൈനികരെ അയയ്ക്കാനുള്ള നീക്കം വിലയിരുത്തപ്പെടുന്നത്.
മേഖലയിലെ വന്‍തോതിലുള്ള സൈനിക സന്നാഹം കനത്ത ആശങ്കയ്ക്ക് വക നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
പശ്ചിമേഷ്യയിലേക്ക് അമേരിക്ക ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാന്‍ ഒരുങ്ങുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സേനയിലെ എലൈറ്റ് വിഭാഗമായ 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ആയിരക്കണക്കിന് സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ പെന്റഗണ്‍ പദ്ധതിയിടുന്നതായി ഈ വിഷയവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഇറാനുമായി ചര്‍ച്ചകള്‍ക്ക് ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും, മേഖലയിലെ വന്‍തോതിലുള്ള സൈനിക സന്നാഹം കനത്ത ആശങ്കയ്ക്ക് വക നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
പശ്ചിമേഷ്യയില്‍ എവിടെയാണ് ഇവരെ വിന്യസിക്കുന്നതെന്നോ എപ്പോഴാണ് ഇവര്‍ അവിടെ എത്തിച്ചേരുകയെന്നോ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമനുസരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗ് കേന്ദ്രീകരിച്ചാണ് നിലവില്‍ ഈ സൈനികര്‍ ഉള്ളത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വൈറ്റ് ഹൗസ് മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇറാനിലേക്ക് സൈനികരെ അയക്കാന്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് റോയിട്ടേഴ്‌സിനോട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഭാവിയില്‍ മേഖലയില്‍ ഉണ്ടായേക്കാവുന്ന സൈനിക നീക്കങ്ങള്‍ക്കുള്ള സജ്ജീകരണമായാണ് സൈനികരെ അയയ്ക്കാനുള്ള നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച യുഎസ്എസ് ബോക്‌സര്‍ എന്ന യുദ്ധക്കപ്പലിലും അനുബന്ധ കപ്പലുകളിലുമായി ആയിരക്കണക്കിന് മറീനുകളെയും നാവികരെയും വിന്യസിച്ചതിന് പുറമെയാണിതെന്നാണ് റിപ്പോര്‍ട്ട്.