260 മില്യൺ ഡോളർ കടം..! ലോകാരോഗ്യ സംഘടനയിൽ ഇനി യുഎസ് ഇല്ല
സംഘടനയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഔദ്യോഗികമായി പിന്മാറി
ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയിൽ യുഎസിന്റെ എല്ലാ പങ്കാളിത്തവും അവസാനിച്ചു.
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ ഇനി യു എസ് ഇല്ല. സംഘടനയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഔദ്യോഗികമായി പിന്മാറി. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയിൽ യുഎസിന്റെ എല്ലാ പങ്കാളിത്തവും അവസാനിച്ചു. ലോകാരോഗ്യ സംഘടന സ്‌പോൺസർ ചെയ്യുന്ന നേതൃത്വ ബോഡികൾ, സാങ്കേതിക കമ്മിറ്റികൾ, വർക്കിങ് ഗ്രൂപ്പുകൾ എന്നിവയിലെ പങ്കാളിത്തവും യുഎസ് അവസാനിപ്പിച്ചു.
അന്തർ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 260 മില്യൺ ഡോളർ കടബാധ്യതയുമായാണ് പിന്മാറ്റം.കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും പരിഷ്‌കാരങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് മോചിതമല്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.പിന്മാറുന്നതിന് മുമ്പ് കടംവീട്ടാൻ ബാധ്യതയുണ്ടെന്ന വാദം യുഎസ് നിഷേധിച്ചു. ഏജൻസിയിൽനിന്ന് പിന്മാറുന്നതിന് മുമ്പ് കുടിശ്ശിക തീർക്കാൻ യുഎസിന് നിയമപരമായ ബാധ്യതയില്ലെന്ന് മുതിർന്ന എച്ച്എച്ച്എസ് ഉദ്യോഗസ്ഥർ പറഞ്ഞു.