ഇസ്രയേലിന് 2.8 ബില്യൺ യു.എസ് ഡോളറിന്റെ ആയുധ പാക്കേജ് അനുവദിക്കാൻ അമേരിക്ക

 

40,000 അത്യാധുനിക ഹെവി ബോംബുകൾ ഉൾപ്പെടുന്ന ഈ ഇടപാടിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം തത്വത്തിൽ അംഗീകാരം നൽകിയതായി വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് സ്വന്തം സൈന്യത്തിന്റെ ആയുധശേഖരത്തിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന ആശങ്കകൾക്കിടയിലാണ് ട്രംപ് ഭരണകൂടം ഇസ്രയേലിന് നിർലോഭമായ സൈനിക പിന്തുണ തുടരുന്നത്. 

പാശ്ചാത്യ സൈനിക ആയുധശേഖരത്തിലെ ഏറ്റവും വിനാശകരമായ ബോംബുകളാണ് ഈ പാക്കേജിലൂടെ ഇസ്രയേലിന്റെ കൈകളിലെത്തുന്നത്. 2,000 പൗണ്ട് (ഏകദേശം 900 കിലോഗ്രാം) ഭാരമുള്ള 20,000 എം.കെ-84 ബോംബുകൾ, 20,000 ബി.എൽ.യു-117 ബോംബുകൾ, 20,000 ഐ-2000 പെനട്രേറ്റർ വാർഹെഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ വൻ സൈനിക സഹായം. അമേരിക്കൻ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന ഫോറിൻ മിലിട്ടറി ഫിനാൻസിംഗ് (എഫ്.എം.എഫ്) വഴിയാണ് ഈ ആയുധ ഇടപാടിന് പണം കണ്ടെത്തുന്നത്. ജനസാന്ദ്രതയേറിയ ഗസ്സയിലെ സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രസിഡന്റ് ജോ ബൈഡൻ നിർത്തിവെച്ചിരുന്ന 2,000 പൗണ്ട് ബോംബുകളുടെ കൈമാറ്റമാണ് ട്രംപ് പൂർണമായും പുനഃസ്ഥാപിച്ചത്.

ഗസ്സയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന നരനായാട്ടിന് യു.എസ് നികുതിപ്പണം ആയുധങ്ങളായി മാറ്റുന്നതിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന പക്ഷം വാഷിംഗ്ടണിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. 

ബ്രിട്ടൻ ഉൾപ്പെടെയുള്ള പരമ്പരാഗത പാശ്ചാത്യ സഖ്യകക്ഷികൾ ഇസ്രയേൽ അനധികൃത കുടിയേറ്റ മേഖലകൾക്ക് മേൽ വ്യാപാര ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) മുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് അമേരിക്ക മാത്രം നെതന്യാഹു ഭരണകൂടത്തിന് പൂർണ സൈനിക രക്ഷാകവചം തീർക്കുന്നത്.