യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലേക്ക് തള്ളവിട്ടിരിക്കുകയാണ് :  പുടിൻ  

 

 യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലേക്ക് തള്ളവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം വരും ആഴ്ചകളിൽ പൂർണ്ണമായും തടസ്സപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഹുർമുസ് കടലിടുക്കിനെ ആശ്രയിച്ചുള്ള എണ്ണ ഉൽപ്പാദനം അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും നിലക്കാൻ സാധ്യതയുണ്ട്. ഉൽപ്പാദനം ഇപ്പോൾ തന്നെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. കയറ്റുമതി ചെയ്യാനാകാത്ത എണ്ണ സംഭരണ ശാലകളിൽ കുന്നുകൂടുകയാണ്. ഇവ കൊണ്ടുപോകുന്നത് അത്യന്തം സങ്കീർണ്ണവും ചിലവേറിയതുമായി മാറിയിരിക്കുന്നു, പുടിൻ പറഞ്ഞു.

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായും എണ്ണ-വാതക കമ്പനി മേധാവികളുമായും നടത്തിയ ടെലിവിഷൻ ചർച്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്.ലോകത്തെ എണ്ണ-പ്രകൃതി വാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹുർമുസ് കടലിടുക്ക് വഴിയാണ്. യുദ്ധം മൂലം ഈ പാത അടഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം ബാരലിന് 100 ഡോളർ എന്ന നിരക്കും കടന്ന് എണ്ണവില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.