യു.എസ് ഉപരോധം മറികടന്ന് ഇറാൻ ; 220 മില്യൺ ഡോളറിന്റെ എണ്ണയുമായി ഏഷ്യ-പസഫിക് മേഖലയിലെത്തിയതായി റിപ്പോർട്ട്

220 മില്യൺ ഡോളർ വിലമതിക്കുന്ന എണ്ണയുമായി ഇറാനിയൻ സൂപ്പർ ടാങ്കർ യു.എസ് ഉപരോധം മറികടന്ന് ഏഷ്യ-പസഫിക് മേഖലയിലെത്തിയതായി റിപ്പോർട്ട്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ഹ്യൂജ്' എന്ന കപ്പലാണ് ഉപരോധത്തെ വെട്ടിച്ച് 19 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ലക്ഷ്യം കണ്ടതെന്ന് ടാങ്കർ ട്രാക്കിംഗ് സ്ഥാപനമായ ടാങ്കർ ട്രാക്കേഴ്സ്.കോം അറിയിച്ചു.
 

 തെഹ്റാൻ : 220 മില്യൺ ഡോളർ വിലമതിക്കുന്ന എണ്ണയുമായി ഇറാനിയൻ സൂപ്പർ ടാങ്കർ യു.എസ് ഉപരോധം മറികടന്ന് ഏഷ്യ-പസഫിക് മേഖലയിലെത്തിയതായി റിപ്പോർട്ട്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'ഹ്യൂജ്' എന്ന കപ്പലാണ് ഉപരോധത്തെ വെട്ടിച്ച് 19 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ലക്ഷ്യം കണ്ടതെന്ന് ടാങ്കർ ട്രാക്കിംഗ് സ്ഥാപനമായ ടാങ്കർ ട്രാക്കേഴ്സ്.കോം അറിയിച്ചു.

കപ്പൽ നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് മറഞ്ഞ് സഞ്ചരിച്ചത് നിയന്ത്രണങ്ങൾ ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴി സഞ്ചരിച്ച കപ്പൽ റിയാവു ദ്വീപസമൂഹത്തിന് സമീപം എണ്ണ എത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

മാർച്ച് 20 മുതൽ തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ നൽകുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തെ ഇറാനിയൻ ടാങ്കർ പ്രവർത്തനരഹിതമാക്കിയിരുന്നു. ഉപഗ്രഹങ്ങളുടെയും യു.എസ് നാവികസേനയുടെയും കണ്ണുവെട്ടിക്കാൻ 'ഡാർക്ക് ആക്ടിവിറ്റി' എന്നറിയപ്പെടുന്ന രീതിയാണ് കപ്പൽ സ്വീകരിച്ചത്. ശ്രീലങ്കക്ക് സമീപം വെച്ചാണ് കപ്പൽ അവസാനമായി സിഗ്നൽ നൽകിയത്. തുടർന്ന് ആഴ്ചകളോളം നിരീക്ഷണത്തിൽ നിന്ന് അപ്രത്യക്ഷമായ ടാങ്കർ, ഇന്തോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴി തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു.

കപ്പലിലുളള ഏകദേശം 1.9 മില്യൺ ബാരൽ അസംസ്‌കൃത എണ്ണയായുടെ വിപണി മൂല്യം 220 മില്യൺ ഡോളറോളം വരും. ഇറാനു മേൽ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക സമ്മർദത്തിന് വലിയ തിരിച്ചടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഹുർമുസ് കടലിടുക്കിൽ അമേരിക്കക്ക് പൂർണ്ണ നിയന്ത്രണം ഉണ്ടെന്നും ഉപരോധം വലിയ വിജയം ആണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഈ ടാങ്കർ വിജയകരമായി കടന്നുപോയത് ആ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതായി നിരീക്ഷകർ പറയുന്നു.