അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലകളിൽനിന്ന് പിടിച്ചെടുത്ത 117 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകി യു.എസ്
ന്യൂയോർക്ക്: അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലകളിൽനിന്ന് യു.എസ് അധികൃതർ പിടിച്ചെടുത്ത 117 കോടി രൂപ (14 മില്ല്യൺ ഡോളർ) വിലമതിക്കുന്ന 657 പുരാവസ്തുക്കൾ തിരികെ ഇന്ത്യയിലേക്ക്. ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസിൽ ജനറൽ രാജലക്ഷ്മി കദം പങ്കെടുത്ത ചടങ്ങിലാണ് പുരാവസ്തുക്കൾ മാൻഹട്ടൻ ഡിസ്ട്രിക് അറ്റോർണി ആൽവിൻ ബ്രാഗ് രാജ്യത്തിന് കൈമാറിയത്. അന്താരാഷ്ട്ര കള്ളക്കടത്ത് പ്രതികളായ സുഭാഷ് കപൂർ, നാൻസി വീനർ എന്നിവരുമായി ബന്ധപ്പെട്ട കേസുകളിൽ പിടിച്ചെടുത്തവയാണ് ഈ അപൂർവ ശിൽപങ്ങളും വസ്തുക്കളും.
തിരിച്ചുനൽകിയവയിൽ രണ്ട് മില്യൺ ഡോളർ ( 16.7 കോടി രൂപ) വിലമതിക്കുന്ന അവലോകിതേശ്വരന്റെ ഒരു വെങ്കല പ്രതിമയും ഉൾപ്പെടും. റായ്പൂരിലെ മഹന്ത് ഗാസിദാസ് മെമോറിയൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ശിൽപം 1982ൽ മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തുകയും 2025ൽ ന്യൂയോർക്കിലെ ഒരു സ്വകാര്യ ശേഖരത്തിൽ നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു.
ഇതുകൂടാതെ 7.5 മില്ല്യൺ ഡോളർ (62 കോടി രൂപ) വിലമതിക്കുന്ന മണൽക്കല്ലിൽ കൊത്തിയെടുത്ത ബുദ്ധ പ്രതിമയും മധ്യപ്രദേശിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണേശ വിഗ്രഹവും തിരിച്ചുനൽകിയവയിലുണ്ട്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള കള്ളക്കടത്ത് ശൃംഖലകൾ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നുവെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ബ്രാഗ് പറഞ്ഞു.
ആഗോള കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയാണ് സുഭാഷ് കപൂർ. ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ, പുരാവസ്തു സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള പുരാവസ്തുക്കൾ ഏജന്റുമാരും ഇടനിലക്കാരും വഴി ഇയാൾ കടത്തുകയായിരുന്നു. പിന്നീട് ഇവ ആഗോളതലത്തിൽ സ്വകാര്യ വ്യക്തികൾക്കും ഗാലറികൾക്കും ഇവ വിറ്റു.
2012ൽ സുഭാഷ് കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആന്റിക്വിറ്റീസ് ട്രാഫിക്കിങ് യൂണിറ്റ് ഇതുവരെ 36 രാജ്യങ്ങളിലായി 5,900ലധികം പുരാവസ്തുക്കൾ തിരികെ നൽകിയിട്ടുണ്ട്. 485 മില്യൺ ഡോളറിലധികം മൂല്യമുള്ള 6,200ഓളം സാംസ്‌കാരിക നിധികൾ ഇതുവരെ കണ്ടെത്തി.
മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ്, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്, വിശകലന വിദഗ്ധർ, നിയമ സംഘങ്ങൾ തുടങ്ങിയവയാണ് പുരാവസ്തുക്കൾ തിരിച്ചെടുക്കുന്ന ഓപറേഷന് നേതൃത്വം നൽകിയത്. പുരാവസ്തുക്കളുടെ കടത്ത് ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്.