ഭൂമിയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ കാലയളവ് 2023-2027 വർഷമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ

 

ജനീവ: ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ചൂടേറിയ അഞ്ച് വർഷ കാലയളവ് 2023-2027 ആയിരിക്കുമെന്ന് മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയുടേതാണ് മുന്നറിയിപ്പ്. ഹരിതഗൃഹ വാതകങ്ങളും എൽ നിനോ പ്രതിഭാസവും കാരണമാണ് താപനില കുതിച്ചുയരുന്നതെന്നും യു.എൻ പറയുന്നു.

നേരത്തെ ഇത് 2015 മുതൽ 2022 കാലയളവായിരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം കാരണം താപനില ഇനിയും ഉയരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 98 ശതമാനവും അങ്ങനെ സംഭവിക്കാനാണ് സാധ്യതയെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) പറയുന്നു.

അലാസ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണേഷ്യ, ആസ്‌ട്രേലിയയുടെ ചില ഭാഗങ്ങൾ എന്നിവയൊഴികെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും 2023-ലെ താപനില 1991-2020 ലെ ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്നും ഡബ്ല്യു.എം.ഒ അറിയിച്ചു.

ആഗോള ശരാശരി താപനില വർധിക്കുന്നത് തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നെന്നും നമുക്ക് പരിചിതമായ കാലാവസ്ഥ അന്യമായിക്കൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞനായ ലിയോൺ ഹെർമാൻസൺ പറഞ്ഞു.