യുക്രെയ്ൻ യുദ്ധത്തിന്റെ ലക്ഷ്യം കൈവരിക്കും : പുടിൻ
യുക്രെയ്ൻ യുദ്ധത്തിന്റെ ലക്ഷ്യം കൈവരിക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സത്യം റഷ്യയുടെ പക്ഷത്താണെന്നും പുടിൻ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
മോസ്കോ: യുക്രെയ്ൻ യുദ്ധത്തിന്റെ ലക്ഷ്യം കൈവരിക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സത്യം റഷ്യയുടെ പക്ഷത്താണെന്നും പുടിൻ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, സപോരിജിയ, കെർസൺ എന്നീ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് റഷ്യ ഔദ്യോഗികമായി അവകാശപ്പെട്ടിട്ട് രണ്ടുവർഷം പൂർത്തിയായ ദിവസമാണ് വിഡിയോ പുറത്തിറക്കിയത്.
പുനരേകീകരണ ദിനം എന്നാണ് ഈ ദിനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യക്കെതിരായ സൈനിക താവളമായി യുക്രെയ്നെ പാശ്ചാത്യ രാജ്യങ്ങൾ മാറ്റിയെന്ന് കുറ്റപ്പെടുത്തിയ പുടിൻ, കുട്ടിക്കളുടെയും പേരക്കുട്ടികളുടെയും ഭാവിക്ക് വേണ്ടിയാണ് ഈ പോരാട്ടമെന്നും വ്യക്തമാക്കി. അതേസമയം, യുക്രെയ്ന്റെ 11 മേഖലകളിലേക്ക് റഷ്യ പരക്കെ മിസൈലുകളും ഡ്രോണുകളും തൊടുത്തു. യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യൻ ഡ്രോണുകളും മിസൈലുകളും നേരിടാൻ അഞ്ച് മണിക്കൂറോളമാണ് വ്യോമ പ്രതിരോധസേന പോരാടിയത്.
കഴിഞ്ഞ രാത്രി കിയവിൽ നിരവധി തവണ സ്ഫോടന ശബ്ദവും വെടിയൊച്ചകളും കേട്ടതായാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം റഷ്യ 1300 ലേറെ ഷാഹിദ് ഡ്രോണുകളാണ് യുക്രെയ്ൻ നഗരങ്ങളിലേക്ക് തൊടുത്തത്. അതിനിടെ, 1.33 ലക്ഷം പൗരന്മാരെ പുതുതായി സൈന്യത്തിൽ ചേർക്കാനുള്ള പദ്ധതിക്ക് പുടിൻ അംഗീകാരം നൽകി. മാത്രമല്ല, അടുത്തവർഷം പ്രതിരോധ ബജറ്റ് ചെലവ് 30 ശതമാനം വർധിപ്പിക്കാൻ പദ്ധതിയിടുന്നതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.