റഷ്യയിലെ എണ്ണ വ്യവസായ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ 

 

കിയവ്: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ എണ്ണ വ്യവസായ കേന്ദ്രത്തിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെള്ളിയാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിൽ അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ സംബന്ധിക്കാനിരിക്കെയാണ് ഇവിടെ യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. തുടർന്ന് മേഖലയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും സെന്റ് പീറ്റേഴ്സ്ബർഗ് വിമാനത്താവളത്തിൽനിന്ന് വ്യോമഗതാഗതം നിർത്തിവെക്കുകയും ചെയ്തു.

വിവിധ രാജ്യങ്ങളിൽനിന്നുള്ള ബിസിനസ്, രാഷ്ട്രീയ പ്രമുഖർ സംബന്ധിക്കുന്ന റഷ്യയുടെ അഭിമാന പരിപാടിയാണ് വാർഷിക അന്താരാഷ്ട്ര സാമ്പത്തിക ഫോറം. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് നാല് വർഷമായി പാശ്ചാത്യൻ രാജ്യങ്ങൾ പരിപാടി ബഹിഷ്‍കരിക്കുന്നുവെങ്കിലും എല്ലാ വർഷവും നടത്തിവരുന്നു. സൗദിയാണ് ഈ വർഷത്തെ വിശിഷ്ടാതിഥി.