യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ
അബുദാബി: തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി ബിൽ നാളെമുതൽ പ്രാബല്യത്തിൽ. പുതിയ തൊഴിൽ നിയമ ഭേദഗതിയിൽനിയമലംഘകർക്കു കനത്ത പ്രഹരമാണുണ്ടാവുക. നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.
തൊഴിൽ തർക്കങ്ങളിൽ നിയമ നടപടി സ്വീകരിക്കാനുള്ള സമയപരിധി 2 വർഷമാക്കി വർധിപ്പിച്ചു. അര ലക്ഷം ദിർഹത്തിൽ താഴെയുള്ള കേസുകളിൽ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുരഞ്ജന ശ്രമം പരാജയപ്പെട്ടാൽ 15 ദിവസത്തിനകം പ്രാഥമിക കോടതിയിൽ ഫയൽ ചെയ്യാം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
വർക്ക് പെർമിറ്റ് ഇല്ലാതെ ജോലിയെടുപ്പിക്കുക, അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുക, വർക്ക് പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ തീർപ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടുക, റിക്രൂട്ട് ചെയ്ത ശേഷം ജോലി നൽകാതിരിക്കുക, പ്രായപൂർത്തിയാകാത്തവരെ ജോലിക്കു വയ്ക്കുക, ലൈസൻസിൽ പരാമർശിക്കാത്ത ജോലിയിൽ ഏർപ്പെടുക, തൊഴിൽ നിയമം ലംഘിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയായിരിക്കും പിഴ.